പ്ലാച്ചിമട മുതൽ നർമ്മദ വരെ: മണ്ണിനായി ചെങ്കൊടി പാറിച്ച സമരസഖാവ് പി പ്രസാദ്

By Web TeamFirst Published May 18, 2021, 3:08 PM IST
Highlights

ആലപ്പുഴ ജില്ലയിലെ പാലമേൽ മറ്റപ്പള്ളി ഗ്രാമത്തിലാണ് ജനിച്ചത്. സ്കൂൾ, കോളേജ് പഠനകാലം മുതൽ എഐഎസ്എഫിന്‍റെ സജീവപ്രവർത്തകനാണ് പ്രസാദ്. 

ആലപ്പുഴ: ചേർത്തലയിൽ നിന്ന് പി തിലോത്തമന്‍റെ പിൻഗാമിയായി മറ്റൊരു സിപിഐ നേതാവ് രണ്ടാം പിണറായി മന്ത്രിസഭയുടെ ഭാഗമാകുന്നു. വാക്ചാതുര്യമാണ് പി പ്രസാദ് എന്ന നേതാവിന്‍റെ കരുത്ത്. അത് വെറും വാക്കല്ല. ഈ 51 കാരന്‍റെ നിസ്വാർഥമായ പൊതുജീവിതം തന്നെ അതിന്‍റെ കൊടിയടയാളമാണ്. ആലപ്പുഴ ജില്ലയിലെ പാലമേൽ മറ്റപ്പള്ളി ഗ്രാമത്തിലാണ് ജനിച്ചത്. സ്കൂൾ, കോളേജ് പഠനകാലം മുതൽ എഐഎസ്എഫിന്‍റെ സജീവപ്രവർത്തകനാണ് പ്രസാദ്. എഴുത്തും വായനയുമൊക്കെയാണ് കൈമുതൽ.

വിദ്യാർഥി പ്രസ്ഥാനത്തിന്‍റെ സംസ്ഥാന അധ്യക്ഷൻ, സിപിഐയുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറി, നിലവിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളോടെല്ലാം നീതിപുലർത്തിയ കമ്മ്യൂണിസ്റ്റ്. പ്ലാച്ചിമട മുതൽ നർമ്മദ ബച്ചാവോ ആന്തോളൻ വരെയുള്ള സമരമുഖങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന സഖാവിന് പാർട്ടി നൽകിയ അംഗീകാരമാണ്, സിപിഐയുടെ പരിസ്ഥിതി സബ് കമ്മിറ്റി കൺവീനർ സ്ഥാനം. ആറന്മുള വിമാനത്താവള വിരുദ്ധ സമരം, ആറാട്ടുപുഴ മേഖലയിലെ കരിമണൽ ഖനന വിരുദ്ധ സമരം, എന്നും പരിസ്ഥിതിയുടെ കാവലാളായി പി പ്രസാദ് ഉണ്ടായിരുന്നു.

ബിനോയ് വിശ്വം വനംമന്ത്രിയായിരിക്കെ അദ്ദേഹത്തിന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. പാർട്ടി മുഖപത്രമായ ജനയുഗത്തിന്‍റെ യൂണിറ്റ് മാനേജറായിരുന്നു. പരാജയപ്പെടുമെന്ന് ഉറപ്പിച്ചാണ് കഴിഞ്ഞ തവണ ഹരിപ്പാട് മണ്ഡലത്തിൽ മത്സരിച്ചത്. തുടർന്ന് സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാനായി. ഇക്കുറി സുരക്ഷിതമണ്ഡലം തന്നെ പാർട്ടി നൽകി. വിദ്യാർഥി യുവജന സമരമുഖങ്ങളിൽ പൊലീസ് മർദ്ദനത്തിനും പിന്നീട് ജയിൽവാസവുമൊക്കെ അനുഭവിച്ച നേതാവ് വിജയിച്ചുവന്നപ്പോൾ പാർട്ടി മന്ത്രിസ്ഥാനവും നൽകി.

click me!