സംരംഭക വര്‍ഷം പദ്ധതി: 22,104.42 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തുണ്ടായെന്ന് പി രാജീവ്

Published : Feb 15, 2025, 07:56 PM IST
സംരംഭക വര്‍ഷം പദ്ധതി: 22,104.42 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തുണ്ടായെന്ന് പി രാജീവ്

Synopsis

രാജ്യത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ കേന്ദ്രമായി കേരളം മാറുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു

കൊച്ചി: ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലെ നിക്ഷേപ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണം പരമാവധി ഉറപ്പുവരുത്താനാണ് ശ്രമമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. പദ്ധതി പൂര്‍ത്തീകരണത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ പൊതുമണ്ഡലത്തില്‍ നല്‍കും. ആഗോള നിക്ഷേപ ഉച്ചകോടിയ്ക്ക് മുന്നോടിയായി കെഎസ്ഐഡിസി കൊച്ചിയില്‍ നടത്തിയ മാധ്യമ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ കേന്ദ്രമായി കേരളം മാറുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. വിജ്ഞാന സമ്പദ്വ്യവസ്ഥയ്ക്ക് ആവശ്യമായ തൊഴില്‍വൈദഗ്ധ്യവും നൈപുണ്യശേഷിയുമുള്ള മികച്ച മനുഷ്യവിഭവശേഷിയാണ് കേരളത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു. ആഗോള ഐടി കമ്പനികളുടെ സോഫ്റ്റ്വെയര്‍ ഡെവലപ്പിംഗ് കേന്ദ്രമായി കേരളം മാറിക്കൊണ്ടിരിക്കുകായാണെന്ന് പി രാജീവ് ചൂണ്ടിക്കാട്ടി. ഓട്ടോമൊബൈല്‍ സോഫ്റ്റ്വെയര്‍ സാങ്കേതികവിദ്യയില്‍ തിരുവനന്തപുരത്ത് ആഗോള കേന്ദ്രം വരാന്‍ പോവുകയാണ്. നിസാന്‍, ബിഎംഡബ്ല്യു തുടങ്ങിയ കമ്പനികള്‍ അവിടെ ചുവടുറപ്പിക്കും.

ജെനറേറ്റീവ് എഐയില്‍ ഐബിഎമ്മിന്‍റെ സുപ്രധാന ആഗോള മികവിന്‍റെ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് കൊച്ചി ഇന്‍ഫോപാര്‍ക്കിലാണ്. കാമ്പസുകളില്‍ നിന്ന് തന്നെ പ്രതിഭകളെ കണ്ടെത്തുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ-തൊഴില്‍ പരിശീലനവും ലഭിക്കുന്നതിനുമായി കാമ്പസ് വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുകയാണ്. തുടക്കത്തില്‍ പത്തെണ്ണം പ്രഖ്യാപനത്തിനൊരുങ്ങിക്കഴിഞ്ഞു. ഇതിനു പുറമെ 31 സ്വകാര്യ വ്യവസായപാര്‍ക്കുകള്‍ക്കും അനുമതി നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ ഉപകരണങ്ങളുടെയും അനുബന്ധ വ്യവസായങ്ങളുടെയും പ്രധാന കേന്ദ്രമായി കേരളം ഇതിനകം തന്നെ മാറിക്കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ മെഡിക്കല്‍ ഉപകരണങ്ങളുടെ ആകെ വിറ്റുവരവിന്‍റെ 24 ശതമാനം കേരളത്തില്‍ നിന്നാണ്. രക്തബാഗിന്‍റെ ഉത്പാദനത്തില്‍ ലോകത്തിലെ തന്നെ 12 ശതമാനത്തിലധികം ഉത്പാദിപ്പിക്കുന്നത് കേരളത്തില്‍ നിന്നുള്ള കമ്പനിയാണ്. ആഗോള സുഗന്ധവ്യജ്ഞന മൂല്യവര്‍ധിത ഉത്പാദകരില്‍ ലോകത്തിലെ ആദ്യ നാല് കമ്പനികളും കേരളത്തിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി 22,104.42 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തുണ്ടായി. ഇത് സംസ്ഥാനത്തിന്‍റെ ആഭ്യന്തര നിക്ഷേപശേഷിയില്‍ നിന്നും സ്വരുക്കൂട്ടിയതാണെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഭാവിയിലും ഈ മാതൃക ഉപയോഗപ്പെടുത്താമോ എന്ന് സര്‍ക്കാര്‍ ചിന്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഇന്‍വസ്റ്റ് കേരളയെക്കുറിച്ച് അവതരണം നടത്തി. കെഎസ്ഐഡിസി ചെയര്‍മാന്‍ സി ബാലഗോപാല്‍, എംഡി എസ് ഹരികിഷോര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കൃഷ്ണന്‍ ആര്‍, ഇന്‍വസ്റ്റ് കേരള ഉച്ചകോടിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി പി വിഷ്ണുരാജ്, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. 

കെഎസ്ആർടിസി ബസിലെ മൊബൈൽ ചാർജിങ്ങ്, ഒടുവിൽ ആ നിര്‍ദേശമെത്തി, കേടായ പോർട്ടുകളെല്ലാം ഉടൻ മാറ്റണം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടിയേറ്റ് ചിത്രപ്രിയ ബോധമറ്റതോടെ അലൻ ഓടിരക്ഷപെട്ടു; മൃതദേഹത്തിനരികിൽ കണ്ട വാച്ചിൽ ദുരൂഹത, കൂടുതൽ തെളിവ് ശേഖരിക്കുന്നുവെന്ന് പൊലീസ്
പുറത്താക്കിയിട്ടും രാഹുൽ പൊങ്ങിയപ്പോൾ പൂച്ചെണ്ടുമായി കോണ്‍ഗ്രസ് പ്രവർത്തകർ, വമ്പൻ സ്വീകരണം നൽകി; കോൺഗ്രസിലെ ഭിന്നത വ്യക്തം