
കൊച്ചി: ഭരണഘടനാ ചുമതലയുള്ള ഗവർണർ ഉത്തരവാദിത്തം നിറവേറ്റുമെന്ന് കരുതുന്നതായി മന്ത്രി പി രാജീവ്. ഓർഡിനൻസ് ആർക്കും എതിരല്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ വരണം. ഇനിയും മാറ്റങ്ങൾ വരാനുണ്ട്. യുജിസി നിയമത്തിൽ ചാൻസലർ ആരാകണം എന്ന് പറയുന്നില്ല. യൂണിവേഴ്സിറ്റി ചാൻസലർ എങ്ങനെയാകണം എന്ന് തീരുമാനിക്കാൻ നിയമസഭയ്ക്ക് അധികാരമുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു. കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിയത് മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞതെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രതികരണത്തോടും പി രാജീവ് പ്രതികരിച്ചു. നടപടിക്രമം അനുസരിച്ച് അറിയിക്കേണ്ടതില്ല. പുതിയ ചാന്‍സലര്‍ ഉടന്‍ വരുമെന്നും രാജീവ് പറഞ്ഞു.
കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിയത് നിയമപരം ആണോ എന്ന കാര്യത്തിൽ പ്രതികരിക്കാൻ ഇല്ല. എന്തും ചെയ്യാൻ സർക്കാരിന് സ്വാതന്ത്ര്യം ഉണ്ട്. മാധ്യമങ്ങൾ എല്ലാം റിപ്പോർട്ട് ചെയ്യുമ്പോൾ സർക്കാരെന്തിന് ബുദ്ധിമുട്ടുന്നുവെന്നും ആയിരുന്നു ഗവര്‍ണറുടെ പ്രതികരണം. സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും നീക്കിയ ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചന നൽകിയിരിക്കുകയാണ് ഗവർണർ.
തന്നെയാണ് ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നതെങ്കിൽ താൻ തന്നെ അതിന്‍റെ വിധികർത്താവാകില്ല. ഓർഡിനൻസ് കണ്ട ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിയമപരമായി നീങ്ങാനാണ് സർക്കാരിൻറെ തീരുമാനമെങ്കിൽ അത് സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ ഇന്നലെ രാത്രി ദില്ലിയിൽ പറഞ്ഞു. ഇന്നലെയാണ് ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പത്തിന് ഒടുവില്‍ പതിനാല് സർവ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റിക്കൊണ്ടുള്ള ഓർഡിനൻസ് സർക്കാർ രാജ്ഭവനിലേക്ക് അയച്ചത്. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഗവർണറെ വെട്ടാൻ ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam