ശ്രീരാമകൃഷ്ണൻ സ്പീക്കർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല, ധൂർത്തും അഴിമതിയും നടക്കുന്നുവെന്നും രമേശ് ചെന്നിത്തല

By Web TeamFirst Published Jan 21, 2021, 9:14 AM IST
Highlights

അവിശ്വാസ പ്രമേയവുമായി മുന്നോട്ട് പോകുന്ന പ്രതിപക്ഷത്തിനെതിരെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇന്ന് രാവിലെ രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ പ്രമേയം യുക്തിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: അവിശ്വാസ പ്രമേയത്തിന് മുൻപ് തന്നെ സ്പീക്കർക്കെതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശ്രീരാമകൃഷ്ണൻ സ്പീക്കർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. ധൂർത്തും അഴിമതിയുമാണ് നടക്കുന്നത്. സ്വന്തമായി രഹസ്യാന്വേഷണ സംവിധാനമില്ലെന്ന വിശദീകരണം ബാലിശമാണ്. എല്ലാവർക്കും പ്രത്യേകം സംവിധാനം നൽകാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

സ്പീക്കർ നിഷ്പക്ഷനാവണം, സംശുദ്ധിയുടെ പര്യായമാകണം. ശ്രീരാമകൃഷ്ണൻ ഇതിൽ പരാജയപ്പെട്ടു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കറുടെ പേര് വന്നത് അപമാനമല്ലേ. നിയമസഭയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന അദ്ദേഹത്തിന്റെ പ്രവർത്തനം മോശമാണ്. സാമ്പത്തിക ഞെരുക്കം മൂലം സംസ്ഥാനം കഷ്ടപ്പെടുമ്പോൾ കോടിക്കണക്കിന് രൂപ അനാവശ്യമായി ചെലവാക്കി. ഇന്റലിജൻസ് സംവിധാനം സംസ്ഥാനത്തുണ്ട്. ഓരോരുത്തർക്കും പ്രത്യേകം സംവിധാനം കൊടുക്കാനാവില്ല. സ്വർണക്കടത്തും പ്രതികളുമായുള്ള അദ്ദേഹത്തിന്റെ അടുപ്പവും കേരളം കണ്ടതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അവിശ്വാസ പ്രമേയവുമായി മുന്നോട്ട് പോകുന്ന പ്രതിപക്ഷത്തിനെതിരെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇന്ന് രാവിലെ രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ പ്രമേയം യുക്തിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ആരോപണം മാത്രമാണ്. ഇത് അവതരിപ്പിക്കും മുൻപ് തന്നോടൊന്ന് ചോദിക്കാമായിരുന്നു. ആരോപണങ്ങളെ കുറിച്ച് വ്യക്തത തേടാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ വാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ സഭയിൽ ഇങ്ങിനെയൊരു പ്രമേയം കൊണ്ടുവരുന്നത് യുക്തിസഹമല്ല. സ്പീക്കർ എന്ന നിലയിൽ തനിക്ക് സ്വന്തമായി രഹസ്യാന്വേഷണ വിഭാഗമില്ല. അതിനാൽ സ്വപ്നയെ പറ്റി അറിയാൻ കഴിഞ്ഞില്ല. സ്വപ്നയോട് സൗഹാർദ്ദപരമായാണ് പെരുമാറിയത്. അതിനെ ദുർവ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല. താൻ തെറ്റൊന്നും ചെയ്തിട്ടില്ല. ജനാധിപത്യത്തിന്റെ മധുരം വിയോജിപ്പിനുള്ള അവസരമാണ്. അതാണ് പ്രതിപക്ഷത്തിന് നൽകുന്നത്. താൻ വീണ്ടും മത്സരിക്കുമോയെന്നത് പാർട്ടിയാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

click me!