ഓണക്കിറ്റിലെ തൂക്കകുറവ്; വീഴ്‍ച പരിശോധിക്കുമെന്ന് മന്ത്രി തിലോത്തമന്‍

By Web TeamFirst Published Aug 21, 2020, 9:14 AM IST
Highlights

വീഴ്‍ച പരിശോധിക്കുമെന്നും തൂക്കത്തില്‍ കുറവ് വന്ന പാക്കറ്റുകള്‍ റീപാക്ക് ചെയ്ത് വീണ്ടും വിതരണം ചെയ്യുമെന്നും മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ ഉത്‍പന്നങ്ങള്‍ കുറവുണ്ടെന്ന വിജിലന്‍സ് കണ്ടെത്തല്‍ പരിശോധിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍. വീഴ്‍ച പരിശോധിക്കുമെന്നും തൂക്കത്തില്‍ കുറവ് വന്ന പാക്കറ്റുകള്‍ റീപാക്ക് ചെയ്ത് വീണ്ടും വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും  മന്ത്രി ഉറപ്പ് നല്‍കി. 

മിക്ക കിറ്റുകളിലും 400 മുതൽ 490 രൂപ വരെയുള്ള വസ്തുക്കൾ മാത്രമാണ് ഉള്ളതെന്നും ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതിൽ വീഴ്ച പറ്റിയെന്നുമാണ് വിജിലൻസ് കണ്ടെത്തല്‍. ഓപ്പറേഷൻ കിറ്റ് ക്ലീനിൽ എന്ന വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കണ്ടെത്തൽ. പാക്കിങ് സ്റ്റോറുകളിലും മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലുമാണ് വിജിലൻസ് ഇന്നലെ പരിശോധന നടത്തിയത്.

വെളിച്ചെണ്ണയും പഞ്ചസാരയും പായസകൂട്ടുകളും അടക്കം 11 ഇനങ്ങൾ അടങ്ങിയ 500 രൂപ മൂല്യമുള്ള കിറ്റാണ് ഓണം പ്രമാണിച്ച് സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്നത്. 13 നാണ് വിതരണം തുടങ്ങിയത്. എന്നാൽ 500 രൂപയ്ക്കുള്ള വസ്തുക്കൾ കിറ്റിൽ ഇല്ലെന്ന് വ്യാപകമായി പരാതിയുയർന്നിരുന്നു. 

ഇതിന്‍റെ അടിസ്ഥാനത്തിൽ ആണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലും 58 പാക്കിങ് സെന്ററുകളിലുമാണ് ഓപ്പറേഷൻ ക്ലീൻ കിറ്റ് നടത്തിയത്. പരാതികൾ എല്ലാം ശരിവയ്ക്കുന്നതാണ് വിജിലൻസ് കണ്ടെത്തൽ.  

click me!