Deepu Murder : 'ഫോൺ പൊലീസ് പരിശോധിക്കട്ടെ, ഭയമില്ല'; സാബുവിന്റേത് വാസ്തവ വിരുദ്ധ ആരോപണമെന്ന് ശ്രീനിജൻ

Published : Feb 19, 2022, 09:02 AM ISTUpdated : Feb 19, 2022, 09:54 AM IST
Deepu Murder : 'ഫോൺ പൊലീസ് പരിശോധിക്കട്ടെ, ഭയമില്ല'; സാബുവിന്റേത് വാസ്തവ വിരുദ്ധ ആരോപണമെന്ന് ശ്രീനിജൻ

Synopsis

'പാർട്ടി പ്രവർത്തകരെന്ന നിലയിൽ പ്രതികളെ അറിയാം'. പ്രതികൾ ഒളിവിൽ പോയെന്ന ആരോപണം ശരിയല്ലെന്നും ശ്രീനിജൻ എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തിരുവനന്തപുരം: ട്വന്റി ട്വന്റി (Twenty20 Kizhakkambalam) പ്രവർത്തകൻ ദീപുവിന്റെ (Deepu Murder) കൊലപാതകത്തിൽ പാർട്ടിയുടെ ചീഫ് കോ ഓർഡിനേറ്റർ സാബു എം ജേക്കബിന്റെ (Sabu M Jacob) ആരോപണങ്ങൾ തള്ളി കുന്നത്ത് നാട് എംഎൽഎ പിവി ശ്രീനിജൻ (P. V. Srinijin). വാസ്തവ വിരുദ്ധമായ ആരോപണങ്ങളാണ് സാബു ഉന്നയിക്കുന്നതെന്നും കേസിലേക്ക് തന്നെ വലിച്ചിഴക്കാൻ ശ്രമം നടക്കുന്നുവെന്നും ശ്രീനിജൻ ആരോപിച്ചു. 

''കഴിഞ്ഞ പത്ത് മാസമായി പറയുന്നത് സാബു തന്നെയാണ് ഇപ്പോഴും പറയുന്നത്. കേസിലേക്ക് എന്നെ വലിച്ചിഴക്കാനാണ് ശ്രമം. പാടുകളില്ലാതെ അതിവിദഗ്ധമായി മർദ്ദിച്ചെന്നാണ് സാബു പറയുന്നത്. അതിൽ നിന്നും തന്നെ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് മനസിലാകുമല്ലോ. സാബുവിന്റെ ആരോപങ്ങൾ പൊലീസ് അന്വേഷിക്കട്ടെ. എന്റെ ഫോൺ പരിശോധിക്കണമെന്നാണ് സാബു പറയുന്നത്. 'തന്റെ ഫോണും കോൾ ലിസ്റ്റും പൊലീസ് പരിശോധിക്കട്ടെ. അതിൽ ഭയപ്പെടുന്നില്ല. പാർട്ടി പ്രവർത്തകരെന്ന നിലയിൽ പ്രതികളെ അറിയാം. പ്രതികൾ ഒളിവിൽ പോയെന്ന ആരോപണം ശരിയല്ലെന്നും ശ്രീനിജൻ എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ജനാധിപത്യ നിലയിൽ തിരഞ്ഞെടുക്കപ്പെട്ട എം എൽഎയെ ഒന്നാം പ്രതിയാക്കണമെന്നാണ് സാബുവിന്റെ ആവശ്യം. അത് ബാലിശമാണ്. പത്ത് മാസമായി ഭരണം നടക്കുന്നില്ലെന്നാണ് സാബു പറയുന്നത്. സാബുവും കിറ്റക്സും ചെയ്യുന്ന അഴിമതി ജനമധ്യത്തിൽ കൊണ്ടുവരുന്നതാണ് ഞാൻ ചെയ്യുന്ന തെറ്റെന്നും ശ്രീനിജൻ പ്രതികരിച്ചു. 

അതേ സമയം, ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റേത് ആസൂത്രിത കൊലപാതകമെന്നാണ് പാർട്ടിയുടെ ചീഫ് കോ ഓർഡിനേറ്റർ സാബു എം ജേക്കബ് വാർത്താസമ്മേളനത്തിൽ ആരോപിക്കുന്നത്. സിപിഎമ്മിനും, കുന്നത്ത് നാട് എംഎൽഎ പിവി ശ്രീനിജനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സാബു ഉന്നയിക്കുന്നത്. 'ദീപുവിനെ മർദ്ദിക്കാനാണ് സിപിഎം പ്രവർത്തകരെത്തിയതെന്നും വിളക്കണക്കൽ സമരത്തെ കുറിച്ച് പറയാൻ കോളനിയിലെ വീടുകൾ കയറി നടക്കുമ്പോൾ പതിയിരുന്നാണ് ഇദ്ദേഹത്തെ ആക്രമിച്ചതെന്നും സാബു ആരോപിച്ചു. 

പ്രൊഫഷണൽ രീതിയിലുള്ള ആക്രമണമായിരുന്നു. പുറത്തേക്ക് യാതൊരു പരിക്കും ഏൽക്കാതെ ആന്തരികമായ ക്ഷതമേൽപ്പിക്കുന്ന മർദ്ദനമാണ് നടത്തിയത്. വാർഡ് മെമ്പർ സ്ഥലത്ത് എത്തുമ്പോൾ ദീപുവിനെ മതിലിനോട് ചേർത്ത് നിർത്തി മർദ്ദിക്കുകയായിരുന്നു. ആന്തരികമായേറ്റ ക്ഷതമാണ് ദീപുവിന്റെ മരണത്തിന് കാരണമെന്നും സാബു പറഞ്ഞു.

ദീപുവിന്റെ അയൽവാസികൾ പോലും എംഎൽഎയ്ക്ക് എതിരെ പ്രതികരിക്കാൻ ഭയക്കുന്നു. ആരെങ്കിലും പ്രതികരിച്ചാൽ അവർക്കെതിരെ ഭീഷണി ഉയർത്തുകയാണ്. വിളക്കണക്കൽ സമരത്തിന്റെ 90 ശതമാനം പോസ്റ്ററുകളും കീറിക്കളഞ്ഞു. പിവി ശ്രീനിജൻ എംഎൽഎയായ ശേഷം തങ്ങളുടെ 50 പ്രവർത്തകർ ആക്രമിക്കപ്പെട്ടു. ഗാന്ധിയൻ രീതിയിൽ മുന്നോട്ട് പോകുന്ന പാർട്ടിയാണ് തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു.

പത്ത് മാസമായി കിഴക്കമ്പലത്തും ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിലും ക്രമസമാധാനം ഇല്ലാത്ത അവസ്ഥയാണ്. പഞ്ചായത്തുകളിലും വകുപ്പ് ഓഫീസുകളിലും എംഎൽഎയുടെ നിർദ്ദേശത്തിലാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. ആരെങ്കിലും അനുസരിച്ചില്ലെങ്കിൽ അവരെ ഭീഷണിപ്പെടുത്തുന്നു. കിഴക്കമ്പലം പഞ്ചായത്തിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ നിരവധി തടസങ്ങളുണ്ടായി. സ്ട്രീറ്റ് ലൈറ്റ് ചലഞ്ചുമായി മുന്നോട്ട് പോയത് പഞ്ചായത്തുകൾ ആവശ്യപ്പെട്ടത് കൊണ്ടാണ്. ഞങ്ങളുടേത് ഗാന്ധിയൻ സമീപനം. നിയമം ലംഘിച്ച് ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

PREV
click me!

Recommended Stories

കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്
അതിജീവിതയ്ക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്ന് എംവി ​ഗോവിന്ദൻ; 'ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം'