വിദ്യാർത്ഥികളെക്കൊണ്ട് കാൽ കഴുകിച്ചതിൽ വിശദീകരണം തേടുമെന്ന് മന്ത്രി; 'അടിമത്ത മനോഭാവം വളർത്തുന്നത് അംഗീകരിക്കില്ല'

Published : Jul 12, 2025, 12:08 PM IST
V Sivankutty

Synopsis

ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്ത ഈ പ്രവൃത്തി വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ ഇല്ലാതാക്കുന്നതാണെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഭാരതീയ വിദ്യാ നികേതൻ നടത്തുന്ന ചില സ്കൂളുകളിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചെന്ന വാർത്ത അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതും പ്രതിഷേധാർഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളിൽ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളർത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികൾ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്ന് മന്ത്രി പ്രതികരിച്ചു.

കാസർഗോഡ് ബന്തടുക്കയിലെ സരസ്വതി വിദ്യാലയത്തിലും മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് ലഭിച്ച റിപ്പോർട്ടെന്ന് മന്ത്രി പറഞ്ഞു. ഇത് തീർത്തും ഞെട്ടിപ്പിക്കുന്നതാണ്. സിബിഎസ്ഇ സിലബസ് പിന്തുടരുന്ന ഈ സ്കൂളുകളോട് എത്രയും പെട്ടെന്ന് വിശദീകരണം തേടാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളിൽ അടിമത്ത മനോഭാവം വളർത്തുന്ന ഇത്തരം ആചാരങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. അറിവും സ്വബോധവുമാണ് വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ടതെന്ന് മന്ത്രി പ്രതികരിച്ചു.

ജാതി വ്യവസ്ഥയുടെ പേരിൽ അക്ഷരം നിഷേധിക്കപ്പെട്ട ഒരു കാലഘട്ടത്തിൽ നിന്ന് പോരാടി നേടിയെടുത്ത അവകാശമാണ് വിദ്യാഭ്യാസം. ഈ അവകാശം ആരുടെ കാൽക്കീഴിലും അടിയറവ് വെക്കാൻ പാടില്ല.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കും. വിദ്യാഭ്യാസ അവകാശ നിയമവും ചട്ടങ്ങളും പാലിക്കാത്ത ഏത് സിലബസ്സിൽ ഉള്ള സ്കൂളുകൾ ആണെങ്കിലും നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരം ഉണ്ടെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.

വിരമിച്ച മുപ്പതോളം അധ്യാപകരുടെ കാൽ വിദ്യാർത്ഥികളെക്കൊണ്ട് വെള്ളം തളിച്ച് പൂക്കളിട്ട് പൂജിപ്പിക്കുന്നതിന്‍റെ ദൃശ്യമാണ് പുറത്തുവന്നത്. അധ്യാപകരോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് നടത്തിയതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. എന്നാൽ കുട്ടികളെക്കൊണ്ട് ഇത്തരം ചടങ്ങുകൾ ചെയ്യിപ്പിച്ചത് വിവാദമായി.

PREV
Read more Articles on
click me!

Recommended Stories

അതിദരിദ്ര മുക്തമായി പ്രഖ്യാപിച്ചാൽ മഞ്ഞക്കാർഡ് റദ്ദാക്കാൻ സാധ്യതയുണ്ടോ? ചോദ്യവുമായി എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനും; ഉത്തരം നൽകി കേന്ദ്രം
നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും