'സജിതയും റഹ്മാനും പറഞ്ഞത് ശരിയാണ്', റിപ്പോർട്ട് നൽകി പൊലീസ്, വനിതാ കമ്മീഷൻ നെന്മാറയിൽ

By Web TeamFirst Published Jun 15, 2021, 8:38 AM IST
Highlights

വനിതാ കമ്മീഷൻ നെന്മാറ സിഐയോട് സംഭവത്തിൽ റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ടിലാണ് സംഭവത്തിൽ ദുരൂഹതയില്ലെന്നും, സാഹചര്യത്തെളിവുകളും മൊഴികളും പുനഃപരിശോധിച്ച ശേഷം സജിതയും റഹ്മാനും പറഞ്ഞത് ശരിയാണെന്നും പൊലീസ് റിപ്പോർട്ട് നൽകിയത്. 

പാലക്കാട്: നെന്മാറയിൽ 11 വർഷം ഭർതൃവീട്ടിൽ ഒളിച്ചു കഴിഞ്ഞെന്ന് സജിത പറഞ്ഞത് ശരിയാണെന്ന് പൊലീസ് റിപ്പോർട്ട്. നെന്മാറയിലെ വീട്ടിൽ സജിത ഒളിച്ച് താമസിച്ചെന്ന് പറഞ്ഞ് വിവരിച്ച തെളിവുകൾ പലതും യാഥാർത്ഥ്യമാണ്. സംഭവത്തിൽ ദുരൂഹതയില്ലെന്നും, സാഹചര്യത്തെളിവുകളും മൊഴികളും പുനഃപരിശോധിച്ച ശേഷം സജിതയും റഹ്മാനും പറഞ്ഞത് ഒരേ തരത്തിലുള്ള മൊഴികളാണെന്ന് വ്യക്തമായെന്നും നെന്മാറ സിഐ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് സംസ്ഥാന വനിതാ കമ്മീഷന് പൊലീസ് സമർപ്പിച്ചു. 

സംഭവത്തിൽ വനിതാ കമ്മീഷൻ ഇന്ന് തെളിവെടുപ്പ് നടത്തും. വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ, അംഗം ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.

കമ്മീഷൻ ആദ്യം സജിതയെയും റഹ്മാനെയും വിത്തനശ്ശേരിയിലെത്തി കണ്ട ശേഷം അയിലൂരിലെത്തി മാതാപിതാക്കളെയും കാണും. സംഭവത്തിൽ നെന്മാറ പോലീസ് റഹ്മാന്റെയും സജിതയുടെയും ഇരുവരുടെയും മാതാപിതാക്കളുടെയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. റഹ്മാന്റെയും സജിതയുടെയും മൊഴിയിൽ അവിശ്വസനീയമായ കാര്യങ്ങളില്ലെന്ന് പൊലീസ് ആദ്യം മുതൽത്തന്നെ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ദുരൂഹത നീക്കാനും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാനുമാണ് വനിതാ കമ്മിഷൻ പോലീസിനോട് റിപ്പോർട്ട് തേടിയത്. 

'റഹ്മാനെതിരെ കേസെടുക്കരുത്'

പത്തുകൊല്ലവും ഒരുമിച്ചുണ്ടായിരുന്നുവെന്നും പറഞ്ഞതിലൊന്നും നുണയില്ലെന്നും റഹ്മാനും സജിതയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഞങ്ങളെ ജീവിക്കാൻ അനുവദിക്കണം. എക്കാലവും ഒരുമിച്ചുണ്ടാവാനാണ് ആഗ്രഹം. റഹ്മാനെതിരെ കേസെടുക്കരുതെന്നും വനിതാ കമ്മീഷനോട് സജിത അഭ്യർത്ഥിച്ചു. 

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!