
തൃശൂർ: ചേറ്റുവ - പുളിക്കകടവ് തീരദേശ റോഡിലെ പടന്ന പാലം തകർച്ചാ ഭീഷണിയിൽ. സ്കൂൾ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാലമാണ് അപകടാവസ്ഥയിലുള്ളത്.
പടന്ന ചീപ്പിനോട് ചേർന്നുള്ള പാലത്തിന്‍റെ അരിക് ഇടിഞ്ഞു കിടക്കുകയാണ്. മഴവെള്ളം ഒലിച്ചിറങ്ങി പാലം തകർന്നുവീഴുമെന്ന അവസ്ഥയാണ്. അടി ഭാഗത്ത് കോൺക്രീറ്റ് അടർന്ന് നിൽക്കുന്നുണ്ട്. ചേറ്റുവ പുഴയിൽ നിന്നും മണൽ ഡ്രഡ്ജിങ് നടത്തി ദേശീയപാതയ്ക്ക് വേണ്ടി വലിയ ടോറസ് വാഹനങ്ങളിൽ തീരദേശ റോഡിലൂടെയാണ് കൊണ്ടുപോകുന്നത്. ഭാരമേറിയ വാഹനങ്ങൾ തീരദേശ റോഡിലൂടെ പോകുന്നതിനാൽ പല ഭാഗങ്ങളിലും പുഴയുടെ സംരക്ഷണ ഭിത്തിക്ക് വിള്ളൽ ഉണ്ടായിട്ടുണ്ട്. ഭാരമേറിയ നൂറുകണക്കിന് ടോറസ് വാഹനങ്ങളാണ് രാവും പകലും വ്യത്യാസമില്ലാതെ മണലുമായി തീരദേശ റോഡിലൂടെ കടന്നു പോകുന്നത്. ഇതുമൂലം വീടുകൾക്ക് വിള്ളൽ സംഭവിച്ചെന്നും പരാതിയുണ്ട്.
എന്നാൽ അധികാരികൾ ആരും ദുരന്ത സാധ്യത അറിഞ്ഞ ഭാവമില്ലെന്നാണ് പരാതി. ബന്ധപ്പെട്ടവർ അടിയന്തരമായി പാലം സന്ദർശിക്കണമെന്നും പാലത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഭാരമേറിയ വാഹനങ്ങൾ കടന്നുപോകുന്നത് മൂലം തീരദേശ മേഖലയിൽ താമസിക്കുന്നവരുടെ വീടുകൾക്ക് സംഭവിക്കുന്ന കേടുപാടുകൾ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam