
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിത്യപൂജ സാധനങ്ങൾക്ക് ക്ഷാമം. പല സാധനങ്ങളും സ്റ്റോക്കില്ലെന്ന് സ്റ്റോക്ക് കീപ്പർ അറിയിച്ചു. കൺസ്യൂമർ ഫെഡിന് മാത്രം കൊടുക്കേണ്ടത് 90 ലക്ഷം രൂപയാണ്. കുടിശിക അടിയന്തിരമായി നൽകിയില്ലെങ്കിൽ സാധനം നൽകില്ലെന്ന് കൺസ്യൂമർ ഫെഡ് അറിയിച്ചതായി സ്റ്റോക്ക് കീപ്പർ, എക്സിക്യൂട്ടീവ് ഓഫീസർക്ക് കത്ത് നൽകി.
പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് നിത്യ പൂജക്കും വഴിപാടിനും വേണ്ട സാധനങ്ങള്‍ വാങ്ങുന്നത് കണ്‍സ്യൂമർ ഫെഡിൽ നിന്നും മാർക്കറ്റ് ഫെഡിൽ നിന്നുമാണ്. ഓരോ മാസവും തുക നൽകുകയായിരുന്നു പതിവ്. എന്നാൽ കഴിഞ്ഞ കുറേ മാസങ്ങളായി പണം നൽകുന്നില്ല. കുടിശിക 77 ലക്ഷം കഴിഞ്ഞുവെന്ന് കണ്‍സ്യൂമർ ഫെഡ് റീജണൽ മാനേജർ കഴിഞ്ഞ ഡിസംബറിൽ രേഖാമൂലം ക്ഷേത്ര ഭരണ സമിതിയെ അറിയിച്ചു. ഇപ്പോള്‍ കുടിശിക ഒരു കോടി രൂപയ്ക്ക് അടുത്തായി. കുടിശിക അടിയന്തരമായി അടച്ചില്ലെങ്കിൽ സാധനങ്ങള്‍ നൽകുന്നത് നിർത്തി വയ്ക്കേണ്ടിവരുമെന്ന് കൺസ്യൂമർഫെഡും മാർക്കറ്റ് ഫെഡും അറിയിച്ചു.
പല സാധനങ്ങളും സ്റ്റോക്ക് തീർന്നതായി വരും ദിസങ്ങളിൽ പ്രതിസന്ധിയുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സ്റ്റോർ കീപ്പർ, ദേവസ്വം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് കത്ത് നൽകിയത്. സാധനങ്ങള്‍ നൽകുന്നത് നിർത്തിവയ്ക്കേണ്ടിവരുമെന്ന് സ്ഥാപനങ്ങള്‍ അറിയിച്ചതായും കത്തിലുണ്ട്. വരുമാനമുണ്ടായിട്ടും ഭരണസമിതിയുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണമെന്നു ഒരു വിഭാഗം ജീവനക്കാർ ആരോപിക്കുന്നു.
എന്നാൽ പൂജസാധനങ്ങളുടെ വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്ന് ഭരണസമിതിയിലെ സംസ്ഥാന സർക്കാർ പ്രതിനിധി പ്രൊഫ.മാധവൻ നായർ പറഞ്ഞു. സാമ്പത്തിക പ്രതിനിധിയില്ല, ബില്ലുകളുടെ സൂക്ഷമപരിശോധന നടത്തി പണം അനുവദിക്കുന്നിലെ താമസം മാത്രമാണുണ്ടായതെന്നാണ് വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam