കശ്മീരിലെ നൗഷേരേയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരൻ ചാവേറാക്രമണം ലക്ഷ്യമിട്ടതായി സൂചന

By Web TeamFirst Published Aug 21, 2022, 9:44 PM IST
Highlights

നുഴഞ്ഞു കയറാൻ ശ്രമിച്ചത് തബാറാക്ക് ഹുസൈൻ എന്ന ഭീകരനാണെന്ന് തിരിച്ചറിഞ്ഞതായും മുൻപും നുഴഞ്ഞ് കയറാൻ ശ്രമിച്ചിട്ടുണ്ടെന്നും സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.


ശ്രീനഗര്‍: ജമ്മുകാശ്മീരിലെ നൗഷേരിയില്‍ നുഴഞ്ഞ് കയറാൻ ശ്രമിച്ച ഭീകരൻ ചാവേർ ആക്രമണത്തിന് ആണ് ശ്രമിച്ചതെന്ന സൂചന. നുഴഞ്ഞ് കയറാൻ ശ്രമിച്ചതിനിടെ ഭീകരന് വെടിയേറ്റിരുന്നു. ഇയാള്‍ തബാറാക്ക് ഹുസൈൻ എന്ന ഭീകരനാണെന്ന് തിരിച്ചറിഞ്ഞതായും മുൻപും നുഴഞ്ഞ് കയറാൻ ശ്രമിച്ചിട്ടുണ്ടെന്നും സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.

നൗഷേരയിലെ സെഹർ മക്രി മേഖലയിൽ നിയന്ത്രണരേഖയിൽ വിന്യസിച്ചിരിക്കുന്ന സൈനികരാണ് ഒരാളാണ് നിയന്ത്രണരേഖയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നത് കണ്ടെത്തിയത്. ഇയാളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടതോടെ വെടിവെപ്പ് ആരംഭിച്ചു. ഇയാൾ പിന്നീട് പിൻവലിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇതിനോടകം സൈന്യം വെടിവച്ചിട്ടു. പരിക്കേറ്റ ഇയാളെ സൈന്യം പിന്നീട് രജൗരിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. 

രഹസ്യാന്വേഷണ ഏജൻസികളും സൈന്യവും നടത്തിയ ചോദ്യം ചെയ്യല്ലിൽ തനിക്ക് പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പരിശീലനവും പിന്തുണയും കിട്ടിയിരുന്നതായി ഇയാൾ വെളിപ്പെടുത്തി. ഏകദേശം രണ്ട് വര്‍ഷത്തോളം പാക് ഇൻ്റലിജൻസ് യൂണിറ്റിൽ ജോലി ചെയ്തിട്ടുണ്ടെന്നും നേരത്തെയും നുഴഞ്ഞു കയറാൻ ശ്രമിച്ചിരുന്നുവെന്നും ഇയാൾ മൊഴി നൽകിയതായാണ് സൂചന. അടുത്തിടെ രജൗരിയിലെ സൈനീക ക്യാനിപില്‍ ചാവേർ ആക്രമണത്തിനുള്ള ശ്രമം പ്രതിരോധിക്കുന്നതിനിടെ നാല് സൈനീകര്‍ വീരമൃത്യു വരിച്ചിരുന്നു. 
 

വടക്കേയിന്ത്യയിൽ മഴക്കെടുതി തുടരുന്നു: മരണം നാൽപ്പതായി

ദില്ലി: വടക്കേ ഇന്ത്യയിലെ മഴക്കെടുതിയില്‍ മരണം നാല്‍പതായി. ഹിമാചല്‍ പ്രദേശില്‍ മാത്രം ഇതുവരെ 23 പേരാണ് മരിച്ചത്. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ്  കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 

വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴക്കെടുതിക്ക് അവസാനമില്ല. ഏറ്റവും കൂടുതല്‍ മരണം ഹിമാചല്‍ പ്രദേശിലാണ്,  23. സംസ്ഥാനത്ത്  കാണാതായ 5 പേർക്കായുള്ള തെരച്ചില്‍ 24 മണിക്കൂറിന് ശേഷവും തുടരുകയാണ്. നൂറു കണക്കിന് കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളില്‍ തുടരുകയാണ്. 30 ഇടങ്ങൾ അപകട മേഖലകളായി പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി 232 കോടി രൂപ സംസ്ഥാന സർക്കാർ അടിയന്തരമായി അനുവദിച്ചു.

ഉത്തരാഖണ്ഡില്‍  ഇതുവരെ 4 പേർ മരിച്ചു,  പൌഡിഗാർവാളിലെ റിസോർട്ടിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമം ദുരന്ത നിവാരണ സേന തുടരുകയാണ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 12 പേരെ കാണാതായിട്ടുണ്ട്.  ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും നേരത്തെയുള്ള റെഡ് അലർട്ട് ഇപ്പോൾ ഓറഞ്ച് അലർട്ടിലേക്ക് മാറിയിട്ടുണ്ട് എന്നത് ആശ്വാസമാണ് എങ്കിലും കനത്ത ജാഗ്രത തുടരും.  

ജാർഖണ്ഡ്, ഒഡീഷ, ജമ്മുകശ്മീർ എന്നിവിടങ്ങളിലും കനത്ത മഴയുണ്ട്.  ഒഡീഷയിൽ ഡാം തുറന്നതിനെ തുടർന്ന് ജാർഖണ്ഡിലെ ജംഷാദ്പൂർ മേഖലയിൽ വെള്ളം കയറി. വെള്ളം ഉയരുകയാണെങ്കിൽ ആളുകളെ ഒഴിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ജമ്മു കശ്മീരിലെ രജൗരിയിൽ ദർഹലി നദി തീരത്ത് മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന്തീരവാസികൾക്ക് മുന്നറിയിപ്പ് നൽകി. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഗംഗ യമുനാ നദികൾ കരകവിഞ്ഞതോടെ ജനവാസ മേഖലകളിൽ പ്രളയസമാനമായ സാഹചര്യത്തിലായി. 

രാജസ്ഥാൻ,ഛത്തിസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും മഴ ശക്തമാണ്.മധ്യപ്രദേശിലെ നാല് ജില്ലകളിൽ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ അടുത്ത അഞ്ച് ദിവസംകൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് വരും ദിവസങ്ങളില്‍ മഴ കനക്കുക എന്നാണ് മുന്നറിയിപ്പ്. 

click me!