
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ കത്തോലിക്ക സഭയുടെ പിന്തുണ തേടി ഇടതു മുന്നണി സ്ഥാനാർഥി മാണി സി കാപ്പൻ പാലാ ബിഷപ്പ് ഹൗസ് സന്ദർശിച്ചു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടുമായി മാണി സി കാപ്പൻ രാവിലെ കൂടിക്കാഴ്ച നടത്തി. ഉപതെരഞ്ഞെടുപ്പിൽ മാർ ജോസഫ് കല്ലറങ്ങാട്ട് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി മാണി സി കാപ്പൻ പറഞ്ഞു.
കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറയ്ക്കലിനെയും നേരിൽ കണ്ട് മാണി സി കാപ്പൻ പിന്തുണ തേടും. ഇടതുമുന്നണിയുടെ ഭവന സന്ദർശനത്തിനും ഇന്ന് തുടക്കമാകും. മണ്ഡലത്തിലുള്ള 176 ബൂത്തുകളിലെ വീടുകളിലും മുന്നണി പ്രവർത്തകർ എത്തി സ്ഥാനാർത്ഥിയുടെ അഭ്യർത്ഥനയും ഓണാശംസയും കൈമാറും.
തിങ്കളാഴ്ച ആദ്യഘട്ടം പൂർത്തിയാക്കി അടുത്ത ശനിയാഴ്ച മുതൽ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനാണ് ഇടതുമുന്നണി തീരുമാനം. അതേസമയം, പഞ്ചായത്തുത്തല കൺവെൻഷനുകൾ ഇന്ന് പൂർത്തിയാക്കി നാളെ നിയോജക മണ്ഡലം കൺവെൻഷൻ നടത്താനുള്ള ഒരുക്കത്തിലാണ് എൻഡിഎ.
അതേസമയം, യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ഏത് ചിഹ്നം കിട്ടുമെന്ന് ഇന്നറിയാനാകും. രണ്ടിലയില്‍ സംശയമുണ്ടായപ്പോള്‍ ജോസ് ടോം പകരം മുൻഗണന നല്‍കിയത് പൈനാപ്പിളിനാണ്. പൈനാപ്പിള്‍ കഴിഞ്ഞാല്‍ ഓട്ടോറിക്ഷയും ഫുട്ബോളുമാണ് ജോസ് ടോം മുൻഗണനയായി നല്‍കിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam