പാലാ സീറ്റ് കിട്ടുമെന്ന് ഉറപ്പുണ്ടെന്ന് ശശീന്ദ്രൻ പക്ഷം; വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി മാണി സി കാപ്പൻ

By Web TeamFirst Published Feb 2, 2021, 9:28 PM IST
Highlights

എൻസിപി മുന്നണി വിടുന്നതിനെ തടയാൻ സിപിഎം കേന്ദ്ര നേതൃത്വം നടത്തിയ ഇടപെടലുകള്‍ കാരണം എൻസിപി ദേശീയ നേതാക്കള്‍ ആശയക്കുഴപ്പത്തിലാണ്

തിരുവനന്തപുരം: പാലാ സീറ്റിനെ ചൊല്ലി എൻസിപി എൽഡിഎഫ് വിടുമോയെന്ന കാര്യത്തിൽ നാളെ തീരുമാനമുണ്ടാകും. ദേശീയ അധ്യക്ഷൻ ശരദ് പവാറും കേരളത്തിൽ നിന്നുള്ള നേതാക്കളും തമ്മിൽ നാളെ ദില്ലിയിൽ നിർണായക കൂടിക്കാഴ്ച നടക്കും. പാലാ സീറ്റ് കേരള കോൺഗ്രസിന് വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്ന് ചർച്ചയുടെ അവസാന മണിക്കൂറിലും ആവർത്തിക്കുകയാണ് മാണി സി കാപ്പൻ.

മന്ത്രി എ കെ ശശീന്ദ്രനെ അനുകൂലിക്കുന്ന നേതാക്കൾ ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. എൽഡിഎഫിൽ ഉറച്ച് നിൽക്കുമെന്ന് ശശീന്ദ്രൻ അനുകൂലികൾ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. പാലാ സീറ്റ് കിട്ടുമെന്ന് ഉറപ്പുണ്ട്. നിലപാട് ശരദ് പവാറിനെ  അറിയിച്ചെന്നും നേതാക്കൾ പറഞ്ഞു. 

പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കങ്ങൾ ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ ഒരു പൊട്ടിത്തെറിയുണ്ടാവുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എൻസിപി മുന്നണി വിടുന്നതിനെ തടയാൻ സിപിഎം കേന്ദ്ര നേതൃത്വം നടത്തിയ ഇടപെടലുകള്‍ കാരണം എൻസിപി ദേശീയ നേതാക്കള്‍ ആശയക്കുഴപ്പത്തിലാണ്. ഒപ്പം തുടർ ഭരണ സാധ്യതകളുണ്ടെന്ന് എകെ ശശീന്ദ്രൻ കേന്ദ്ര നേതാക്കളെ അറിയിച്ചതും പരിഗണനയിലാണ്.

സിറ്റിംഗ് സീറ്റുകള്‍ വിട്ട് കൊടുത്തിട്ട് മുന്നണിയില്‍ തുടരേണ്ടെന്ന ശരദ് പവാറിന്‍റെ നിലപാടിലാണ് മാണി സി കാപ്പൻ അനുകൂലികളുടെ പ്രതീക്ഷ. പാര്‍ട്ടിയിലെ ഇരു  വിഭാഗത്തേയും കേട്ട ശേഷം പ്രഫുൽ പട്ടേലിനെ കേരളത്തിലേക്ക് അയച്ച് പ്രശ്നപരിഹാരം കാണാനും പവാര്‍ ശ്രമിച്ചേക്കും. എൻസിപി വന്നില്ലെങ്കിലും കാപ്പനെ മാത്രം സ്വീകരിക്കാനും ഒരുക്കമാണെന്ന സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നത്.

click me!