നാലില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ധനസഹായം, വിദ്യാഭ്യാസം, ചികിത്സ അടക്കമുള്ള പ്രോത്സാഹനവുമായി പാലാ രൂപത

By Web TeamFirst Published Jul 26, 2021, 9:44 PM IST
Highlights

2000ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്‍കുമെന്നാണ് രൂപതയുടെ വാഗ്ദാനം. ഇതിന് പുറമെ കുടുംബത്തില്‍ നാലാമത്തെയും പിന്നീടും ജനിക്കുന്ന കുട്ടികള്‍ക്ക് പഠന സഹായവും ചികിത്സാ സൌകര്യവും പോസ്റ്റര്‍ വാഗ്ദാനം ചെയ്യുന്നു

നാലോ അതിലധികമോ കുട്ടികളുള്ള ദമ്പതികള്‍ക്ക് ധനസഹായമടക്കമുള്ള ആനൂകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സീറോ മലബാര്‍ സഭയുടെ പാലാ രൂപത. കുടുംബ വര്‍ഷം 2021-പാലാ രൂപത എന്ന പേരില്‍ പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച ചെയ്ത പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 2000ത്തിന് ശേഷം വിവാഹിതരായവര്‍ക്കാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. പ്രതിമാസം ധനസഹായം, സ്‌കോളര്‍ഷിപ്പ്, ആശുപത്രി സൗകര്യങ്ങള്‍ തുടങ്ങിയവയാണ് ആനുകൂല്യമായി ദമ്പതികള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.

പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ  ചിത്രമുള്‍പ്പെടെയാണ് പോസ്റ്റര്‍. 2000ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് രൂപത വാഗ്ദാനം നല്‍കുന്നു. അതിന് പുറമെ കുടുംബത്തില്‍ നാലാമത്തെയും പിന്നീടും ജനിക്കുന്ന കുട്ടികള്‍ക്ക് പാലയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ വിദ്യാഭ്യാസം സൗജന്യമായി നല്‍കും. നാല് മുതലുള്ള കുട്ടികളുടെ പ്രസവ ചെലവും മറ്റ് സൗകര്യങ്ങളും പാലായിലെ മാര്‍ സ്ലീവ മെഡിസിറ്റി സൗജന്യമായി നല്‍കുമെന്നും പോസ്റ്റര്‍ അവകാശപ്പെടുന്നു.

ജനസംഖ്യാ നിയന്ത്രണത്തിന് വിവിധ സംസ്ഥാനങ്ങള്‍ കര്‍ശന നടപടിയിലേക്ക് തിരിയുന്ന സാഹചര്യത്തില്‍ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. രൂക്ഷ വിമര്‍ശനമാണ് ഈ പോസ്റ്ററിന് നേരിടുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!