
പാലക്കാട്: പാലക്കാട് കല്ലടിക്കോട് ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി അഞ്ചു പേര്‍ മരിച്ച ദാരുണാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അമിത വേഗതയിലെത്തിയ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മഴ പെയ്ത് റോഡ് കുതിര്‍ന്ന് കിടക്കുകയായിരുന്നു. കാര്‍ വേഗതയിൽ വരുന്നതും നിയന്ത്രണം വിട്ട് റോഡിന്‍റെ വലത് ഭാഗത്തേക്ക് നീങ്ങി എതിര്‍ദിശയിൽ നിന്ന് വന്ന ലോറിയുടെ മുന്നിലേക്ക് ഇടിച്ചുകയറുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
കാറിന്‍റെ മുൻഭാഗം പൂര്‍ണമായും ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറി. ദാരുണമായ അപകടമാണ് നടന്നതെന്നും വല്ലാത്ത ഞെട്ടലുണ്ടാക്കിയെന്നും അപകടത്തിൽപ്പെട്ടവരെ ആംബുലന്‍സിൽ ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ എൻ മണികണ്ഠൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപകടത്തിനുശേഷം ആളുകളെ പുറത്തെടുക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രമാണ് ജീവനുണ്ടായിരുന്നത്. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആശുപത്രിയിലെ ഐസിയുവിൽ വെച്ചാണ് ഇയാളുടെ മരണം സ്ഥിരീകരിക്കുന്നത്. മറ്റു നാലുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാറിന്‍റെ മുൻസീറ്റിലുണ്ടായിരുന്ന രണ്ടു പേരെ പുറത്തെടുത്തത് അതിസാഹസികമായിട്ടാണെന്നും ആംബുലന്‍സ് ഡ്രൈവര്‍ എൻ മണികണ്ഠൻ പറഞ്ഞു. അതേസമയം, പാലക്കാട് ജില്ലാ ആശുപത്രിയിൽ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പൊലീസിന്‍റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്മോര്‍ട്ടം ചെയ്യും.
ഇതിനുശേഷമായിരിക്കും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നൽകുക. കല്ലടിക്കോട് അപകടത്തിന് ഇടയാക്കിയത് കാറിന്‍റെ അമിത വേഗതയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കാർ ലോറിയിലേക്ക് ഇടിച്ച് കയറിയെന്നാണ് ലോറി ഡ്രൈവറുടെ മൊഴി. കാറിൽ മദ്യക്കുപ്പിയുണ്ടായിരുന്നുവെന്നും കാർ യാത്രികർ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്നും കല്ലടിക്കോട് ഇൻസ്പെക്ടർ എം.ഷഹീർ പറഞ്ഞു.
അപകടത്തിൽപ്പെട്ടവരിൽ ഒരാൾ മടിയിൽ കിടന്നാണ് മരിച്ചതെന്ന് രക്ഷാപ്രവർത്തനം നടത്തിയ യുവാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കല്ലടിക്കോട് നിന്ന് പൊലീസ് ജീപ്പിൽ ആശുപത്രിയിലെത്തിക്കവേ മുണ്ടൂർ കഴിഞ്ഞാണ് ഇയാൾ മരിച്ചതെന്നും രക്ഷാപ്രവർത്തനത്തിൽ നാട്ടുകാരും ആ വഴി കടന്നുപോയ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരുമെല്ലാം പങ്കാളികളായെന്നും ഏറെ ശ്രമകരമായാണ് കാറിൽ നിന്ന് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തതെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ യുവാക്കൾ വ്യക്തമാക്കി.
ഇന്നലെ രാത്രി 10.30ഓടെയാണ് പാലക്കാട് കല്ലടിക്കോട് വെച്ച് ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടമുണ്ടായത്. അയ്യപ്പൻകാവിന് സമീപം കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ മരിച്ച അഞ്ചുപേരെയും തിരിച്ചറിഞ്ഞു. ഇന്നലെ നാലുപേരെയാണ് തിരിച്ചറിഞ്ഞത്. പാലക്കാട് തച്ചമ്പാറ സ്വദേശി മഹേഷ് ആണ് മരിച്ച അഞ്ചാമത്തെയാള്‍. കോങ്ങാട് സ്വദേശികളായ വിഷ്ണു, വിജീഷ്, രമേഷ്, മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്സൽ എന്നിവരാണ് മരിച്ച മറ്റു നാലുപേര്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam