
പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വി. വത്സനെതിരെ അന്വേഷണം ഊർജ്ജിതം. കേസിലെ അതിജീവിതയുടെ രഹസ്യമൊഴി പാലക്കാട് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തി. അന്വേഷണ സംഘത്തിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് കോടതി നടപടി സ്വീകരിച്ചത്. ഇതോടെ പ്രതിക്കെതിരെയുള്ള നിയമക്കുരുക്ക് മുറുകുകയാണ്.
പ്രശോഭിനെതിരായ തെളിവ് ശേഖരണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഡിജിറ്റൽ തെളിവുകളാണ് പോലീസ് ശേഖരിക്കുന്നത്. ഫോൺ രേഖകൾ, സന്ദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന. ബലാത്സംഗം, എസ്‌സി എസ്ടി പീഡന നിരോധന നിയമം എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തതോടെ പ്രശോഭ് ഒളിവിൽ പോയിരിക്കുകയാണ്. പ്രതി കേരളം വിട്ടതായാണ് സൂചന. മുൻകൂർ ജാമ്യത്തിനായുള്ള ശ്രമങ്ങൾക്കിടയിലാണ് പ്രശോഭ് ഒളിവിൽ കഴിയുന്നതെന്നാണ് പൊലീസ് നിഗമനം.
ൃപാലക്കാട് സ്വദേശിയായ ദളിത് യുവതി മുഖ്യമന്ത്രിയ്ക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് പരാതി നൽകിയത്. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ ഉന്നത നേതാക്കളുമായുള്ള തന്റെ അടുത്ത ബന്ധം പറഞ്ഞ് പ്രശോഭ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു. താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. സംഭവം രാഷ്ട്രീയമായി വലിയ ചർച്ചകൾക്കാണ് പാലക്കാട്ട് വഴിതുറന്നിരിക്കുന്നത്. പ്രശോഭിന് കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ഉയർത്തിക്കാട്ടി സിപിഎം ശക്തമായ പ്രചാരണം നടത്തുന്നു. വിവാദം കത്തിയതോടെ ഡിസിസി നേതൃത്വം ഇടപെട്ട് പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ധാർമ്മികതയുണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നാണ് പാർട്ടിയുടെ പുതിയ നിലപാട്. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നും എന്നാൽ ഈ സംഭവം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നുമാണ് യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയുടെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam