'രാഹുല്‍ മാങ്കൂട്ടത്തിലിന് കവചം തീർക്കും, രാഹുലിനെ ആക്രമിക്കുന്നത് പാർട്ടിയെ തളർത്തും'; പിന്തുണയുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ മൻസൂർ മണലാഞ്ചേരി

Published : Sep 13, 2025, 08:49 AM IST
MLA Rahul Mamkootathil

Synopsis

രാഹുല്‍ മാങ്കൂട്ടത്തിലിന് കവചം തീർക്കുമെന്ന് കോൺഗ്രസ് പാലക്കാട് നഗരസഭാ കൗണ്‍സിലര്‍. കോൺഗ്രസ് കൗൺസിലർ മൻസൂർ മണലാഞ്ചേരിയാണ് രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയത്

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിന് കവചം തീർക്കുമെന്ന് കോൺഗ്രസ് പാലക്കാട് നഗരസഭാ കൗണ്‍സിലര്‍. കോൺഗ്രസ് കൗൺസിലർ മൻസൂർ മണലാഞ്ചേരിയാണ് രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയത്. രാഹുലിനെതിരായ നേതാക്കൾക്കെതിരെയും മന്‍സൂര്‍ വിമർശനം ഉന്നയിച്ചു. രാഹുലിനെ ആക്രമിക്കുന്നത് പാർട്ടിയെ തളർത്തുമെന്നാണ് മൻസൂറിന്‍റെ ആരോപണം. മണ്ഡലത്തിൽ എത്തിയാൽ കോൺഗ്രസുകാർ രാഹുലിന് പ്രതിരോധ കവചം തീർക്കുമെന്നും മൻസൂർ പ്രതികരിച്ചു. അതിനിടെ ലൈംഗിക ആരോപണങ്ങൾ നേരിട്ട് പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെന്‍റ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ വരുന്നതിനെ ചൊല്ലി കോണ്‍ഗ്രസിൽ തര്‍ക്കം രൂക്ഷമാണ്. സഭയിൽ വരേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു നില്‍ക്കുകയാണ് വി.ഡി സതീശൻ. എന്നാൽ എ ഗ്രൂപ്പിനും പാർട്ടിയിൽ ഒരു വിഭാഗത്തിനും രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ വരട്ടെയെന്ന നിലപാടാണ് ഉള്ളത്. ഇത് സംബന്ധിച്ച് പാർട്ടി തലത്തിൽ തീരുമാനമെന്നാണ് വിഡി സതീശന്‍റെ പ്രതികരണം.

സസ്പെൻ്റ് ചെയ്തിട്ടും രാഹുലിനെ ചൊല്ലി തർക്കം

തിങ്കളാഴ്ചയാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്. രാഹുൽ അവധിയെടുക്കണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷ നേതാവും ഇദ്ദേഹത്തെ അനുകൂലിക്കുന്നവരും. രാഹുൽ മാങ്കൂട്ടത്തിൽ വരാതിരിക്കുന്നതാണ് മുന്നണിക്ക് നല്ലതെന്നാണ് ഈ ചേരിയുടെ വാദം. രാഹുൽ വന്നാൽ ശ്രദ്ധ മുഴുവൻ ആരോപണങ്ങളിലേയ്ക്ക് മാറുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ രാഹുൽ നേരിടുന്നതിന് സമാനമായ ആരോപണങ്ങള്‍ നേരിടുന്നവര്‍ ഭരണപക്ഷത്തിരിക്കുമ്പോൾ രാഹുലിനെ വിലക്കുന്നത് എങ്ങനെയെന്ന ചോദ്യമാണ് മറുപക്ഷത്തിന്‍റേത്. അപ്പുറത്തള്ളവരെ ചൂണ്ടിയും നിയമസഭാ കക്ഷിയിൽ ഇല്ലെന്ന് വാദിച്ചും ഭരണപക്ഷത്തെ നേരിടാമെന്നാണ് എ ഗ്രൂപ്പിൻ്റെയും സതീശൻ വിരുദ്ധ പക്ഷത്തിൻ്റെയും അഭിപ്രായം .

പാർട്ടി നേതൃയോഗം ചേര്‍ന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. പ്രതിപക്ഷ നേതാവ് കടുത്ത നിലപാട് തുടര്‍ന്നാൽ പാര്‍ട്ടി ഇതിന് വിരുദ്ധമായ തീരുമാനമെടുക്കുമോയെന്നതാണ് ആകാംഷ. പരാതി വന്നാൽ കടുത്ത നടപടിയെന്നതിന് പകരം സസ്പെന്‍ഷനിലേയ്ക്ക് സതീശനെ എത്തിച്ചുവെന്നാണ് എ ഗ്രൂപ്പ് വികാരം. എന്നാൽ പാര്‍ട്ടിക്കുള്ളിലും പുറത്തും വന്ന ആരോപണങ്ങള്‍ വച്ചു നോക്കുമ്പോള്‍ കടുത്ത നടപടിയില്ലാതെ വേറെ വഴിയില്ലെന്ന മറുപടിയാണ് സതീശൻ അനുകൂലികളുടേത്. ഇതിനിടെ വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും എതിരെ ജീന എന്ന പേരിൽ ക്രൈംബ്രാഞ്ചിന് പരാതി നൽകിയ ആള്‍ യൂത്ത് കോൺഗ്രസിൽ ഇല്ലെന്ന് കോട്ടയം ജില്ലാ പ്രസിഡന്‍റ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. പരാതിക്ക് പിന്നിൽ ഡിവൈഎഫ്ഐ ഗൂഢാലോചനയെന്നാണ് ആരോപണം.

 

PREV
Read more Articles on
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി