പാലക്കാട് മെഡിക്കല്‍ കോളേജ് നിയമനങ്ങള്‍; ക്രമക്കേടിന് കളമൊരുങ്ങുന്നതായി സൂചന

By Web TeamFirst Published Jun 2, 2019, 1:51 PM IST
Highlights

പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ  കരാറിടിസ്ഥാനത്തിൽ നിയമിതരായ അധ്യാപകരെ പ്രത്യേക കേസായി പരിഗണിച്ച് സ്ഥിരപ്പെടുത്താൻ കഴിഞ്ഞ മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്.

പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളേജിലെ കരാർനിയമങ്ങൾ സ്ഥിരപ്പെടുത്താനുളള തീരുമാനത്തിന് പുറകിൽ ക്രമക്കേടിന് കളമൊരുങ്ങുന്നതായി സൂചന. യുഡിഎഫ് സർക്കാർ നടത്തിയ കരാർ നിയമനങ്ങളിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കവെയാണ്  ജീവനക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭ തീരുമാനം.  യോഗ്യത മാനദണ്ഡങ്ങൾ പാലിച്ചാണ് സ്ഥിരനിയമനെന്നാണ് സർക്കാർ വിശദീകരണം.

പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ  കരാറിടിസ്ഥാനത്തിൽ നിയമിതരായ അധ്യാപകരെ പ്രത്യേക കേസായി പരിഗണിച്ച് സ്ഥിരപ്പെടുത്താൻ കഴിഞ്ഞ മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. എം.സി.ഐ യോഗ്യതയുളളവരെ സ്ഥിരപ്പെടുത്തുമെന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ ഇതുൾപ്പെടെയുളള  കരാർ നിയമങ്ങളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടക്കുന്ന കാര്യം മാറ്റിവച്ചാണ് സർക്കാർ കരാർ നിയമങ്ങൾ സ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നത്. 

2016ൽ 224 തസ്തികകൾ സ്ഥിരപ്പെടുത്തിയ സർക്കാർ തീരുമാനത്തിനെതിരെ പാലക്കാട് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. യുഡിഎഫ് സർക്കാർ നടത്തിയ കരാർ നിയമനങ്ങളിൽ  മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നും  ക്രമക്കേടുണ്ടെന്നും തൃശ്ശൂർ വിജിലൻസ് കോടതി കണ്ടെത്തിയിരുന്നു. തുടർന്നാണ് സ്പെഷ്യൽ ഓഫീസർ സുബ്ബയ്യയെ ഉൾപ്പെടെ പ്രതി ചേർത്ത് വിജിസൻസ് കേസെടുത്തത്.  

തുടർന്ന് വന്ന ഇടത് സർക്കാർ കരാർ നിയമം സ്ഥിരപ്പെടുത്താനുളള തീരുമാനം റദ്ദാക്കുകയും ചെയ്തു. എന്നാൽ മൂന്നുവർഷങ്ങൾക്കിപ്പുറം  നിയമനങ്ങൾ സ്ഥിരപ്പെടുത്താനുളള ഇടത് സർക്കാരിന്റെ തീരുമാനത്തിന് പുറകിൽ വൻ ക്രമക്കേടെന്നാണ് ആരോപണം. എസ്ഇ, എസ്ടി വകുപ്പിന് കീഴിലുളള  മെഡിക്കൽ കോളേജിലെ നിയമനങ്ങളിൽ  153 പേരെ സ്ഥിരപ്പെടുത്താനാണ് സർക്കാർ നീക്കം.    മെഡി. കൗൺസിൽ അംഗീകാരത്തിന് വേണ്ടിയാണ്  തിടുക്കപ്പെട്ട് തസ്തികൾ സ്ഥിരപ്പെടുത്തുന്നത്. 

പട്ടികജാതി വകുപ്പിന് കീഴിലുളള മെഡിക്കല്‍ കോളേജിൽ നിലവിൽ സ്ഥിരനിയമത്തിനുളള നടപടിക്രമങ്ങളായിട്ടില്ല.മുഖ്യമന്ത്രി ചെയർമാനും, വകുപ്പ് മന്ത്രി വൈസ് ചെയർമാനുമായുളള സമിതിക്കാണ് കോളേജിന്റെ ഭരണ ചുമതല. മാദണ്ഡങ്ങൾ പാലിച്ചുമാത്രമാണ് നടപടിയെന്നാണ് വകുപ്പ് മന്ത്രി വിശദീകരിക്കുന്നത്.

click me!