
പാലക്കാട്: പാലക്കാട് നഗരസഭയിൽ നിർണ്ണായക നീക്കവുമായി ബിജെപി. പി സ്മിതേഷ് ബിജെപി ചെയർമാൻ സ്ഥാനാർഥിയും ടി. ബേബി വൈസ്. ചെയർപേഴ്സണുമാവും. മുരുകണി വാർഡിൽ നിന്നാണ് പി സ്മിതേഷ് ഇത്തവണ ജയിച്ചത്. നിലവിൽ ബിജെപി ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറിയാണ്. അതേസമയം, ചെയർമാൻ സ്ഥാനത്തേക്ക് കൂടുതൽ സാധ്യതയുണ്ടായിരുന്ന സംസ്ഥാന ട്രഷറർ ഇ കൃഷ്ണദാസിനെ അവസാന നിമിഷം മാറ്റിയെന്നാണ് വിവരം. സി കൃഷ്ണകുമാർ വിരുദ്ധപക്ഷക്കാരനാണ് സ്മിതേഷ്. ഇത്തവണ കൃഷ്ണകുമാർ പക്ഷം സീറ്റ് നൽകാതിരുന്നതിനെ തുടർന്ന് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് സ്മിതേഷിന് സീറ്റ് നൽകിയത്.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ പാലക്കാട് നഗരസഭയിൽ ബിജെപിയെ തടയാൻ സഖ്യസാധ്യത അന്വേഷിച്ച് കോൺഗ്രസും സിപിഎമ്മും ചില നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ മതേതര സഖ്യസാധ്യത പ്രാവർത്തികമാക്കാൻ ഇരുപാർട്ടികൾക്കും കഴിഞ്ഞില്ല. 53 വാര്‍ഡുകളാണ് പാലക്കാട് നഗരസഭയിലുള്ളത്. ബിജെപി 25 വാര്‍ഡുകളില്‍ ജയിച്ചു. യുഡിഎഫ് 18 വാര്‍ഡുകളിലും എല്‍ഡിഎഫ് 9 വാര്‍ഡുകളിലും വിജയിച്ചു. ഒരു സ്വതന്ത്രനും വിജയിച്ചു.
വിവി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയാക്കാൻ ബിജെപി. നീണ്ട ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. ആര്‍ ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചർച്ചകൾ നടന്നിരുന്നത്. എന്നാല്‍ ശ്രീലേഖ മേയർ ആവുന്നതിനെതിരെ ഒരു വിഭാഗം എതിർപ്പുയർത്തുകയായിരുന്നു. ആശാനാഥ് ആണ് ഡെപ്യൂട്ടി മേയർ. തർക്കം നിലനിന്ന സാഹചര്യത്തില്‍ ശ്രീലേഖയുടെ വീട്ടില്‍ ഇന്ന് ചർച്ച നടന്നിരുന്നു. സാഹചര്യം നേതാക്കൾ ശ്രീലേഖയെ ധരിപ്പിക്കുകയായിരുന്നു. കൂടാതെ നിയമസഭാ സീറ്റ് ഓഫർ ചെയ്തെന്നും ജയസാധ്യത കൂടുതലുള്ള സീറ്റ് വാഗ്ദാനം ചെയ്തെന്നുമാണ് സൂചന.
നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകർത്താണ് അൻപത് സീറ്റുമായി ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചത്. സീറ്റ് ഇരട്ടിയാക്കി യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കിയിരുന്നു. ത്രികോണപ്പോരിൽ തിരുവനന്തപുരം ബിജെപിക്കൊപ്പം നില്‍ക്കുകയായിരുന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ബിജെപിക്ക് ഒരു കോർപ്പറേഷൻ ഭരണം ലഭിക്കുന്നത്. വലിയ കക്ഷിയായെങ്കിലും ഭരണം നിലനിർത്താമെന്ന് കരുതിയ എൽഡിഎഫിന് കിട്ടിയത് അപ്രതീക്ഷിത തിരിച്ചടിയാണ്. സിറ്റിങ് വാർഡുകൾ പലതും നഷ്ടപ്പെട്ടു. കഴക്കൂട്ടം മണ്ഡലത്തിലെ വാർഡുകളിൽ തകർന്നടിഞ്ഞു. കഴിഞ്ഞ ഭരണസമിതിക്കെതിരായ വികാരം മറികടക്കാൻ ഇറക്കിയ പുതിയ സ്ഥാനാർത്ഥികളും വാർഡ് വിഭജനവും തുണച്ചില്ല. പത്ത് സീറ്റിലേക്ക് 2020 ൽ ഒതുങ്ങിയ യുഡിഎഫിന്‍റേത് വമ്പൻ തിരിച്ചുവരവായിരുന്നു. ബിജെപിക്കാകും യുഡിഎഫ് ക്ഷീണമാവുകയെന്ന് കരുതിയ എൽഡിഎഫിന്‍റെ കണക്കുകൂട്ടലും തെറ്റി. തീരദേശ വാർഡുകൾ യുഡിഎഫിനൊപ്പം നിന്നതാണ് കണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam