
പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് (RSS) പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ (Sreenivasan Murder Case)ഒരാൾ കൂടി പിടിയിൽ. ആറംഗ കൊലയാളി സംഘത്തിലെ ഒരാളാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 17 ആയി. ഗൂഢാലോചനയിലെ പങ്കാളികളടക്കമാണ് 17 പേർ പിടിയിലായത്.
മൂന്ന് ബൈക്കുകളിലായി ആറംഗ സംഘമാണ് പട്ടാപ്പകൽ നഗരമധ്യത്തിലെ കടയിൽ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഇവർ എത്തുന്നതിന് മുൻപ് തന്നെ മേലാമുറിയിൽ സഹായികളായി ചിലർ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ശ്രീനിവാസന്റെ നീക്കങ്ങൾ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയതും കൃത്യത്തിന് ശേഷം അവർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും ഇവരായിരുന്നു. ഈ സംഘത്തിലെ നാല് പേർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇവരിൽ നിന്നടക്കം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പ്രതികളിലേക്കെത്തിയത്.
ശ്രീനിവാസന്‍ വധക്കേസിലെ പ്രതികൾ എത്തിയ ബൈക്ക് പൊളിച്ചതായി സംശയമുയർന്നിട്ടുണ്ട്. ഇതേത്തുടർന്ന് പട്ടാമ്പി ഓങ്ങലൂരിലെ പഴയ മാർക്കറ്റുകളിലെ വർക്ക് ഷോപ്പുകളിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തി. ഡിവൈഎസ്പി അനിൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അറസ്റ്റിലായ പ്രതികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്.
അതേസമയം, ശ്രീനിവാസന്‍ വധക്കേസ് പ്രതിയയ കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. ബൈക്കിലെത്തിയ സംഘം ഫിറോസിന്റെ വീടിന് നേരെ പെട്രോള്‍ നിറച്ച കുപ്പികൾ എറിയുകയായിരുന്നു. ഉഗ്ര ശബ്ദം കേട്ടാണ് ഫിറോസിന്റെ കുടുംബം എഴുന്നേല്‍ക്കുന്നത്. ഉടന്‍ പൊലീസിനെ വിവരം അറിയിച്ചുവെന്ന് കുടുംബം പറയുന്നു. സംഭവത്തില്‍ ഹേമാംബിക നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാഷ്ട്രീയ വിരോധം മൂലം അക്രമികള്‍ ഫിറോസിന്റെ വീട് ആക്രമിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അയ്യായിരം രൂപയുടെ നാശ നഷ്ടമാണ് വീടിനുണ്ടായത്. ആക്രമത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് എസ്ഡിപിഐ ജില്ലാ നേതൃത്വം ആരോപിച്ചു. എന്നാല്‍ അടിസ്ഥാന രഹിതമായ ആരോപണമെന്നാണ് ആര്‍എസ്എസിന്റെ പ്രതികരണം.