
പാലക്കാട്: ബി ജെ പി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ പുതിയ തെളിവുകൾ പുറത്ത്. വയോധികക്ക് പണം കൈമാറിയെന്ന് ആരോപണം നേരിടുന്ന സ്ത്രീയെ അറിയില്ലെന്നടക്കമുള്ള എൻ ഡി എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്‍റെ വാദങ്ങൾ പൊളിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ആരോപണ വിധേയയായ സ്ത്രീ ശോഭക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കോൺഗ്രസാണ് പുറത്തുവിട്ടത്. പാലക്കാട് ബി ജെ പി ജില്ല കമ്മിറ്റി ഓഫീസിൽ ശോഭക്കൊപ്പം ഈ സ്ത്രീ നിൽക്കുന്ന ഫോട്ടോയാണ് പുറത്തു വിട്ടത്. കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാൻ എത്തിയപ്പോഴാണ് സ്ത്രീ പാർട്ടി ഓഫീസിൽ ഉണ്ടായിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഇതേ യുവതി ശോഭയുടെ കാറിൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ ഉണ്ടെന്നും കോൺഗ്രസ് വ്യക്തമാക്കി. കാറിലെ യുവതിയുടെ ചിത്രങ്ങളും പുറത്തുവിട്ടു.
നേരത്തെ തന്നെ വേട്ടയാടാനുള്ള ശ്രമമാണെന്നും കണ്ണാടി പഞ്ചായത്തിൽ എത്തിയത് കാൻസർ രോഗിയെ കാണാനാണെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ വാദം. പണം കൈമാറിയെന്ന് ആരോപണം നേരിടുന്ന യുവതിയെ തനിക്ക് അറിയില്ലെന്ന വാദമാണ് ശോഭ ഉയർത്തിയത്. വോട്ട് ചോദിക്കുന്നത് രാഷ്ട്രീയവും വികസനവും പറഞ്ഞ് മാത്രമായിരിക്കുമെന്നും സത്യം തെളിയിച്ച ശേഷം മാത്രമേ ഇതിൽ നിന്ന് പിന്മാറൂ എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ പുതിയ തെളിവുകൾ ശോഭയുടെ വാദങ്ങൾ പൊളിക്കുകയാണ്.
അതേസമയം പാലക്കാട് ബി ജെ പിക്കെതിരായ വോട്ടിന് നോട്ട് ആരോപണത്തിൽ പ്രാഥമിക പരിശോധന നടത്തി തെരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡും സ്പെഷ്യൽ ബ്രാഞ്ചും. സ്ഥാനാർഥി ശോഭ സുരേന്ദ്രന് ഒപ്പമെത്തിയ സ്ത്രീ വയോധികക്ക് പണം കൈമാറിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് ഇടപെടുകയായിരുന്നു. ബി ജെ പി പ്രവർത്തക പണം നൽകിയിട്ടില്ലെന്നാണ് വയോധികയും കുടുംബവും പരിശോധനയിൽ പറഞ്ഞതെന്ന് ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൈസയൊന്നും തന്നിട്ടില്ലെന്നും ദൃശ്യങ്ങളിൽ കാണുന്ന പണം അവരുടെ കയ്യിൽ ഉണ്ടായിരുന്നതാണെന്നും വീട്ടുകാർ വിവരിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുറത്തുനിന്നും വന്നവർ പണം തന്നിട്ടില്ലെന്നും അവർ പറഞ്ഞതായി ഫ്ലയിംഗ് സ്ക്വാഡ് അറിയിച്ചു. ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മാധ്യമങ്ങളോട് ആദ്യം പണം ലഭിച്ചെന്ന് പറഞ്ഞതടക്കം ചൂണ്ടിക്കാട്ടിയപ്പോൾ, ഞങ്ങളോട് പണം തന്നിട്ടില്ലെന്നാണ് വയോധിക മറുപടി നൽകിയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയതെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഫ്ലയിംഗ് സ്ക്വാഡും സ്പെഷ്യൽ ബ്രാഞ്ചും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും ശേഷം തുടർ നടപടിയുണ്ടാകുമെന്നും അവർ വിവരിച്ചു. കണ്ണാടി പഞ്ചായത്തിലെ തരുവകുറിശ്ശി സ്വദേശി ദേവു എന്ന വയോധികയ്ക്കാണ് ബി ജെ പി പ്രവർത്തകർ പണം നൽകിയതായി ആരോപിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam