Latest Videos

പാലാരിവട്ടം കൺസൾട്ടൻസി ഉടമ നാഗേഷ് ഗൂഢാലോചന നടത്തിയെന്ന് വിജിലൻസ്, കസ്റ്റഡിയിൽ

By Web TeamFirst Published Nov 19, 2020, 6:59 PM IST
Highlights

റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപ്പറേഷൻ എംഡിയായിരുന്ന മുഹമ്മദ് ഹനീഷ് ഐഎഎസ്സിനെ കേസിൽ പ്രതിയാക്കാൻ വിജിലൻസ് തീരുമാനിച്ചിരുന്നു. രണ്ട് കുറ്റങ്ങളാണ് മുഹമ്മദ് ഹനീഷിനെതിരെ ചുമത്തുന്നത്.

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത, ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഗേഷ് കൺസൾട്ടൻസി ഉടമ ബിവി നാഗേഷിനെ ഒരു ദിവസത്തെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് അഞ്ച് മണി വരെയാണ് നാഗേഷിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ചൊവ്വാഴ്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കും. 

കേസിൽ നിർമാണക്കരാർ ഏറ്റെടുത്ത ആർ‍‍ഡിഎസ് ഗ്രൂപ്പ് എംഡിയും ഒന്നാം പ്രതിയുമായ സുമിത് ഗോയലിന് ലാഭമുണ്ടാക്കാനായി ബി വി നാഗേഷ് പ്രവ‍ർത്തിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വിജിലൻസ് ചൂണ്ടിക്കാട്ടുന്നത്. സുമിത് ഗോയലിന് ലാഭമുണ്ടാക്കാനായി നാഗേഷ് പ്ലാൻ വരച്ചുകൊടുത്തു. ഇതിനായി ഗൂഢാലോചന നടത്തി. നാഗേഷ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.

കേസിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെയും പ്രതി ചേര്‍ത്തിരുന്നു. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ മുഹമ്മദ് ഹനീഷിന് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിജിലൻസിന്‍റെ ആരോപണം. പാലാരിവട്ടം പാലം നിര്‍മാണത്തിന് ആര്‍ഡിഎസ് പ്രോജക്ട്സിന് കരാര്‍ നൽകുമ്പോൾ മുഹമ്മദ് ഹനീഷ് ആയിരുന്നു റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപ്പറേഷന്‍റെ തലപ്പത്ത്. വിജിലന്‍സ് ഹനീഷിനെതിരെ ചുമത്തുന്നത് രണ്ട് കുറ്റങ്ങളാണ്. കരാറുകാരന് അനധികൃതമായി മൊബിലൈസേഷൻ അഡ്വാന്‍സ് അഥവാ മുന്‍കൂര്‍ വായ്പ അനുവദിക്കുന്നതിന് കൂട്ടു നിന്നു. രണ്ട്, ചട്ടപ്രകാരം കരാറുകാരനില്‍ നിന്ന് സുരക്ഷാ നിക്ഷേപം ഈടാക്കുന്നതില്‍ വീഴ്ച വരുത്തി. കരാറുകാരുമായുള്ള പ്രീ ബിഡ് യോഗത്തില്‍, നിര്‍മാണ കമ്പനികൾക്ക് വായ്പ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത് മൂലം പല കരാറുകാരും ടെന്‍ഡറില്‍ പങ്കെടുക്കാതെ പിന്‍മാറുകയും ചെയ്തു.

എന്നാല്‍ ആര്‍ഡിഎസിന് നിര്‍മാണ കരാര്‍ അനുവദിച്ച ശേഷം സംഭവിച്ചത് മറ്റൊന്നാണ്. തനിക്ക് സാമ്പത്തികപ്രയാസങ്ങൾ ഉണ്ടെന്നും 8.25 കോടി രൂപ വായ്പ അനുവദിക്കണെമെന്നും  ആവശ്യപ്പട്ട് ആര്‍ഡിഎസ് എംഡി സുമിത് ഗോയല്‍ റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപ്പറേഷന് കത്ത് നല്‍കി. രാഷ്ട്രീയക്കാര്‍ക്ക് ഉള്‍പ്പെടെ കോഴ നല്‍കാന്‍ വേണ്ടി ഗോയലിനെ കൊണ്ട് കത്ത്  എഴുതി വാങ്ങിയെന്നാണ് വിജിന്‍ലിന്‍റെ ആരോപണം

ആര്‍ബിഡിസികെ അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ എം ഡി തങ്കച്ചന്‍ കത്ത് മുഹമ്മദ് ഹനീഷിന് കൈമാറുകയും അദ്ദേഹം അതില്‍  ഒപ്പിടുകയും ചെയ്തു. എസ്റ്റിമേറ്റ് തുകയുടെ പത്ത് ശതമാനത്തില്‍ താഴെ തുകയ്ക്ക് ക്വാട്ട് ചെയ്താല്‍ വ്യത്യാസം വരുന്ന തുക സുരക്ഷാ നിക്ഷേപമായി ഇടാക്കണം എന്നാണ് പിഡബ്ല്യുഡി മാന്വല്‍ പറയുന്നത്. 48 കോടി രൂപയുടെ എസ്റ്റിമേറ്റിന് ആര്‍ഡിഎസ് ക്വാട്ട് ചെയ്ത് 41 കോടി രൂപ. പക്ഷെ വ്യത്യാസമുള്ള 7 കോടി രൂപ ഈടാക്കാതെ മുഹമ്മദ് ഹനീഷ് കരാറുകാരന് സാമ്പത്തികനേട്ടമുണ്ടാക്കി എന്ന് വിജിലന്‍സ് ആരോപിക്കുന്നു.

click me!