
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞിന് തിരിച്ചടി. കേസിൽ എൻഫോഴ്സ്മെന്റ് വിഭാഗത്തിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇബ്രാഹിം കുഞ്ഞാണ് ഇഡി അന്വേഷണത്തിനെതിരെ സ്റ്റേ വാങ്ങിയിരുന്നത്.
പാലാരിവട്ടം പാലം അഴിമതിയിലൂടെ നേടിയ പത്ത് കോടി രൂപയുടെ കളളപ്പണം ചന്ദ്രിക ദിനപ്പത്രത്തിന്‍റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്നാണ് ആരോപണം. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് നേരത്തെ ഇഡി അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണസംഘം പി കെ കുഞ്ഞാലിക്കുട്ടിയും മുനീറുമടക്കം പ്രമുഖ മുസ്ലിം ലീഗ് നോതാക്കളുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസിൽ സ്റ്റേ അനുവദിച്ചത്. അരോപണവും അന്വേഷണവും രാഷ്ട്രീയ പ്രേരിതമെന്ന ഇബ്രാംഹിംകുഞ്ഞിന്‍റെ വാദം അംഗീകരിച്ചായിരുന്നു അന്ന് ഹൈക്കോടതി ഹർജി തുടർവാദത്തിനായി മാറ്റിയത്.
നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക പത്രത്തിന്‍റെ കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ വെളുപ്പിച്ചെന്നാണ് പരാതി. അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച പണം ഉപയോഗിച്ച് പാണക്കാട് കുടുംബാംഗങ്ങളുടെ പേരില്‍ ഭൂമി ഇടപാട് നടത്തിയെന്നും പരാതിയുണ്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരം എന്‍ഫോഴ്സ്മെന്‍റ് അന്വേഷിക്കുന്ന ഈ കേസിലാണ് ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗകൂടിയായ പി.കെ കുഞ്ഞാലിക്കുട്ടിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam