
കൊച്ചി: 2019 മെയ് മാസത്തിൽ അടച്ചിട്ട പാലാരിവട്ടം പാലം യാത്രക്കാരെ സ്വീകരിക്കാൻ അണിഞ്ഞൊരുങ്ങി. പുനർ നിർമ്മിച്ച പാലാരിവട്ടം മേൽപാലം ഇന്ന് വൈകിട്ട് നാല് മണിക്ക് തുറന്ന് നൽകും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകൾ ഉണ്ടാകില്ല. അഞ്ച് മാസം കൊണ്ട് നിർമ്മിച്ച പാലമെന്ന ഖ്യാതിയോടൊപ്പം സിഗ്നലില്ലാത്ത ജംഗ്ഷനെന്ന നേട്ടവും പാലാരിവട്ടത്തിന് സ്വന്തമാകും.
ഒരു വർഷവും 10 മാസത്തെയും കാത്തിരിപ്പിന് ഇന്ന് അവസാനമാവുകയാണ്. വൈകിട്ട് നാല് മണിക്ക് പാലാരിവട്ടം മേൽപ്പാലത്തിലൂടെ വാഹനങ്ങൾ വീണ്ടും ചീറിപായും. 2016 ഒക്ടോബര്‍ 12 ന് പാലാരിവട്ടം പാലം യാഥാർത്ഥ്യമായതെങ്കിലും 6 മാസം കൊണ്ട് തന്നെ പാലത്തിൽ കേടുപാടുകൾ കണ്ടെത്തി. പിയര്‍ ക്യാപ്പുകളിലും വിള്ളൽ സംഭവിച്ചതോടെ 2019 മെയ് 1 ന് പാലം അറ്റകുറ്റപണിക്കായി അടച്ചു. പിന്നീട് പാലാരിവട്ടം പാലം സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത വിവാദങ്ങൾക്കും രാഷ്ട്രീയ കോലാഹലങ്ങൾക്കുമാണ്. കേരളത്തിന്‍റെ പഞ്ചവടിപാലമായി മാറിയ പാലം വീണ്ടും തുറക്കുന്നത് നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണെന്നതും ശ്രദ്ധേയം.
പാലത്തിന്‍റെ അവാസന മിനുക്ക് പണികൾ ഇന്നലെ രാത്രിയോടെ പൂർത്തിയായി. പാലാരിവട്ടത്തെ ആദ്യ പാലം നിർമ്മിക്കാൻ 28 മാസങ്ങളാണ് വേണ്ടി വന്നതെങ്കിൽ വെറും 5 മാസവും 10 ദിവസവുമെടുത്താണ് ഡിഎംആർസിയും ഊരാളുങ്കൽ ലേബർ സൊസൈറ്റിയും ചേർന്ന് പാലം പുനർ നിർമ്മിച്ചത്. ഉദ്ഘാടനമില്ലെങ്കിലും മന്ത്രി ജി സുധാകരനും ഉദ്യോഗസ്ഥരും ആദ്യ ദിവസത്തെ യാത്രയിൽ പങ്കാളികളാകും. പാലം തുറക്കുമ്പോൾ ട്രാഫിക്ക് സിഗ്നൽ ഇല്ലാത്ത ഗതാഗത ക്രമീകരണമായിരിക്കും പാലത്തിനടിയിലൂടെ ഉണ്ടാവുക. ഇപ്പോൾ പാലത്തിന് രണ്ടറ്റത്തുമായി ക്രമീകരിച്ചിരുക്കുന്ന യൂടേൺ പാലത്തിന്‍റെ 2 സ്പാനുകൾക്കടിയിലൂടെ പുനക്രമീകരിക്കും. സ്പാനുകൾക്കടിയിലൂടെ വാഹനങ്ങൾക്ക് കടന്ന് പോകാൻ വേണ്ട വീതിയും ഉയരവും ഉണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam