ഇന്ന് ഓർമ്മപ്പെടുത്തലുകളുടെ ദിവസം; റോഡപകടങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്താൻ ഏഷ്യാനെറ്റ് ന്യൂസ്

By Web TeamFirst Published Nov 17, 2019, 6:35 AM IST
Highlights
  • റോഡപകടങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലിനായി ഈ ദിനം മാറ്റിവയ്ക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്
  • റോ‍ഡപകടങ്ങളുടെ തലസ്ഥാനമായി കേരളം മാറുമ്പോഴും, നമ്മുടെ റോഡുകൾ സുരക്ഷിതമാക്കാൻ എന്ത് നടപടിയാണ് മാറിമാറിവന്ന സർക്കാരുകൾ സ്വീകരിച്ചത്?

തിരുവനന്തപുരം: ഇന്ന് വേൾഡ് ഡേ ഓഫ് റിമംബറൻസ്. ഓർമ്മപ്പെടുത്തലുകളുടെ ദിവസം. റോഡപകടങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലിനായി ഈ ദിനം മാറ്റിവയ്ക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. റോഡിൽ പൊലിയുന്ന ജീവന്റെ ഉത്തരവാദി ആരാണ്? റോ‍ഡപകടങ്ങളുടെ തലസ്ഥാനമായി കേരളം മാറുമ്പോഴും, നമ്മുടെ റോഡുകൾ സുരക്ഷിതമാക്കാൻ എന്ത് നടപടിയാണ് മാറിമാറിവന്ന സർക്കാരുകൾ സ്വീകരിച്ചത്? ഒരു ദിവസം നീണ്ടുനിൽക്കുന്ന ചർച്ചകളിലൂടെ ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് നമ്മൾ.

ഓരോ റോഡുകളും നമുക്ക് ഓരോ ഓർമകൾ തരുന്നു. ചിലത് നമുക്ക് വീട്ടിലേക്കുള്ള വഴിയാണ്, ചിലത് നമുക്ക് നമ്മുടെ പ്രിയപ്പെട്ടവരിലേക്കുള്ള മാർഗം. ഓർമ്മകൾ തരുന്ന റോഡിൽ തന്നെ നാമും ഓർമ്മയാകുന്ന ഭീതിതമായ സാഹചര്യമാണ് ഇന്ന് കേരളത്തിൽ. 
മഹാമാരികളെക്കാൾ അപകടകാരിയാണ് ഇന്ന് സംസ്ഥാനത്തെ റോഡപകടങ്ങൾ. ഈ വർഷം ഇതുവരെ 30,784 അപകടങ്ങളാണ് നമ്മുടെ നിരത്തിൽ ഉണ്ടായത്. വീട്ടിൽ വഴിക്കണ്ണുമായി കാത്തിരിക്കുന്നവരെ കണ്ണീരിലാഴ്ത്തി 3375 പേർ അവരുടെ ജീവിതയാത്ര പാതിവഴിയിൽ അവസാനിപ്പിച്ചു. കഴിഞ്ഞ വർഷം സംസ്ഥാനത്താകെ ഉണ്ടായത് 40,181 അപകടങ്ങൾ. അതിൽ ജീവൻ നഷ്ടമായത് 4069 പേർക്ക്. അമിത വേഗം മൂലം മാത്രം കഴിഞ്ഞ വർഷം മരിച്ചത് 2985 പേരാണ്. ഈ വർഷം സെപ്റ്റംബർ വരെയുള്ള 3375ൽ 2349 മരണങ്ങളും ഡ്രൈവറുടെ പിഴവ് മൂലം. 

ദേശീയ സംസ്ഥാന പാതകളെക്കൾ അപകടങ്ങൾ മറ്റ് ചെറു റോഡുകളിലാണ്. അപകടശേഷം മരിച്ചതിന് തുല്യമായി ജീവിക്കുന്നവരുമുണ്ട് നമുക്കിടയിൽ. അതീവ ഗുരുതരമായി പരിക്കേറ്റ് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയാത്തവർ. മരണം അനാഥമാക്കുന്ന കുടുംബങ്ങളും പരിക്കുകൾ പട്ടിണിയിലാക്കുന്ന ജീവിതങ്ങളും വേറെ.

ഇതിലൊന്ന് നമ്മുടെ ഉറ്റവർ ആകുന്നത് വരെ ഇവയെല്ലാം നമ്മുക്ക് വെറും സംഖ്യകളാണ്. കാത്തിരിക്കുന്നവർക്കായി നമ്മുക്ക് തിരിച്ച് വരാം. നമ്മുടെ യാത്രകൾ പാതിവഴിയിൽ അവസാനിപ്പിക്കാതെ മുന്നോട്ട് പോകാം. അതിന് ഭരണ സംവിധാനങ്ങൾ വിചാരിക്കണം, ഒപ്പം നമ്മളും. 

ഇന്ത്യയിലെ വാഹനങ്ങളിൽ മൂന്ന് ശതമാനം മാത്രമാണ് കേരളത്തിലുള്ളത്. പക്ഷേ അപകടങ്ങൾ 12 ശതമാനവും. ഇന്നൊരു ദിവസം ഏഷ്യാനെറ്റ് ന്യൂസ് അപകടങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുകയാണ്. ഓരോ മിനിറ്റും നടക്കുന്ന അപകടങ്ങളുടെ വിവരങ്ങൾ. അപകടങ്ങൾ തളർത്തിയ കുടുംബങ്ങളുടെ അവസ്ഥ. റോഡ് സുരക്ഷ പ്രശ്നങ്ങൾ. പരിഹാരങ്ങൾ. ഇന്ന് എല്ലാ ന്യൂസ് ബുള്ളറ്റിനുകളിലും ഏഷ്യാനെറ്റ് ന്യൂസ് ഇത് ചർച്ച ചെയ്യുന്നു.

click me!