
കണ്ണൂർ: വിവാദമായ പാലത്തായി പീഡന കേസിൽ പ്രായപൂർത്തിയാകാത്ത ഇരക്ക് കള്ളം പറയുന്ന സ്വഭാവമുണ്ടെന്ന് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ റിപ്പോർട്ട്. പെൺകുട്ടിക്ക് ഭാവനയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന സ്വഭാവം ഉണ്ടെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. നിയമപ്രകാരം നിയോഗിക്കപ്പെട്ട സാമൂഹ്യനീതി വകുപ്പിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാർ സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ ഉദ്ധരിച്ചാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
കേസിൽ പോക്സോ കുറ്റം ഒഴിവാക്കി പ്രതിയും ബി ജെ പി നേതാവുമായ പദ്മരാജൻ എതിരെ കുറ്റപത്രം നല്കാൻ നിയമോപദേശം നൽകിയത് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ അമ്മ നൽകിയ ഹർജിയിലാണ് ക്രൈം ബ്രാഞ്ച് സംഘം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ വസ്ത്രത്തിന്റെ ഫൊറൻസിക് പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നും വിശദീകരിച്ചു.
ഇരയടക്കം 92 പേരെ സാക്ഷികളെ ഇതിനോടകം ചോദ്യം ചെയ്തു. ശാസ്ത്രീയമായ തെളിവുകളടക്കം ശേഖരിച്ചു. അന്വേഷണം തുടങ്ങുന്ന ഘട്ടത്തിൽ തന്നെ ദുരവസ്ഥയിൽ നിന്ന് ഇരയായ പെൺകുട്ടി മോചിപ്പിക്കപ്പെട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സാമൂഹ്യ നീതി വകുപ്പിൽ നിന്നുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളാണ് കുട്ടിയെ കൗൺസിലിങ് ചെയ്തത്. കുട്ടി ഉറക്കമില്ലായ്മ, ക്രമമല്ലാത്ത ഭക്ഷണ രീതി, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്നതായാണ് കൗൺസിലർമാർ സമർപ്പിച്ച റിപ്പോർട്ട്. നുണ പറയുന്ന സ്വഭാവം, മൂഡ് അതിവേഗം മാറുന്ന ശീലം, വേഗത്തിൽ ബന്ധം സ്ഥാപിക്കുന്ന സ്വഭാവം, പെട്ടെന്ന് ടെൻഷനടിക്കുന്ന സ്വഭാവം എന്നിവയ്ക്ക് പുറമെ കുട്ടി വലിയ തോതിൽ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെന്നും കൗൺസിലിങിലൂടെ കണ്ടെത്തിയെന്ന് റിപ്പോർട്ട് പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam