ഒന്‍പത് വര്‍ഷത്തിനിടെ 228 കോടി കുടിശ്ശിക; സര്‍ക്കാര്‍ കുടിശ്ശിക തീര്‍ക്കുന്നില്ലെന്ന് പാലിയേക്കര ടോള്‍ പ്ലാസ

By Web TeamFirst Published Feb 6, 2022, 3:52 PM IST
Highlights

2012 ഫെബ്രുവരി മുതലാണ് പാലിയേക്കര ടോള്‍ പ്ലാസയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് സൗജന്യപാസ് അനുവദിച്ചത്. ഈയിനത്തില്‍ സര്‍ക്കാരില്‍ നിന്ന് ടോള്‍ കമ്പനിയ്ക്ക് 2013 ല്‍ മൂന്നര കോടി രൂപ കിട്ടി.

തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസ (Paliyekkara Toll Plaza) കമ്പനിയ്ക്ക് കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ സര്‍ക്കാര്‍ വരുത്തിയ കുടിശ്ശിക 228 കോടി രൂപ. തദ്ദേശീയരുടെ സൗജന്യയാത്രയുടെയും കെഎസ്ആര്‍ടിയുടെയും ടോള്‍ തുകയില്‍ ഇതുവരെ കിട്ടിയത് 7 കോടി മാത്രമെന്ന് ടോള്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി. 2012 ഫെബ്രുവരി മുതലാണ് പാലിയേക്കര ടോള്‍ പ്ലാസയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് സൗജന്യപാസ് അനുവദിച്ചത്. ഈയിനത്തില്‍ സര്‍ക്കാരില്‍ നിന്ന് ടോള്‍ കമ്പനിയ്ക്ക് 2013 ല്‍ മൂന്നര കോടി രൂപ കിട്ടി. അതിനുശേഷം നയാപൈസ കിട്ടിയിട്ടില്ല. ഇപ്പോള്‍ കുടിശ്ശിക 132 കോടി. കെഎസ്ആര്‍ടിസിയുടെ ടോള്‍ തുകയില്‍ കിട്ടാനുളളത് 96 കോടി രൂപ. 

ഒരാളുടെ പേരിലുളള ഒന്നിലേറെ വാഹനങ്ങള്‍ക്ക് യാത്രാസൗജന്യം ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി കമ്പനി ഇത് നല്‍കുന്നില്ല. പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതുമില്ല. കൊടുങ്ങല്ലൂര്‍ പിഡബ്ല്യുഡി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ 431 വാഹനങ്ങളുടെ അപേക്ഷകള്‍ തടഞ്ഞുവെച്ചിരിക്കുന്നതിനാലാണ് ഇതെന്നാണ് ടോള്‍ കമ്പനിയുടെ വിശദീകരണം. എഞ്ചിനീയറുടെ അനുമതിയില്ലാതെ സൗജന്യ പാസ് അനുവദിക്കാനാകില്ല. ഇതിനെതിരെ പുതുക്കാട് എംഎല്‍എ കെ  കെ രാമച്ചന്ദ്രന്‍റെ നേതൃത്വത്തില്‍ ടോള്‍ പ്ലാസയ്ക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. തുടര്‍ന്ന് നിയന്ത്രണങ്ങള്‍ നീക്കുമെന്ന് കളക്ടറുമായുളള ചര്‍ച്ചയില്‍ തീരുമാനിച്ചെങ്കിലും ജില്ലാ ഭരണകൂടത്തില്‍ നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ലെന്നാണ് ടോള്‍ അധികൃതര്‍ പറയുന്നത്.

Latest Videos

click me!