
തൃശ്ശൂര്‍:പാലിയേക്കര ടോല്‍ പ്ലാസ സമരത്തിനിടെ ടി.എന്‍. പ്രതാപന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പൊലീസ് നടപടിയെ അപലപിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. സംസ്ഥാന പൊലീസ് രാജിലേക്ക് നീങ്ങിയിരിക്കുന്നുവെന്നും അതിക്രൂരമായാണ് പാലിയേക്കര ടോള്‍ പ്ലാസയില്‍ ലോക്സഭാ എം.പിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് നേരിട്ടതെന്നും കെ.സി വേണുഗോപാല്‍ ഫേയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പ്രതിപക്ഷത്തെ കായികമായി അടിച്ചൊതുക്കാനുള്ള പിണറായി സർക്കാരിന്റെ ഗൂഢശ്രമത്തിന്റെ ഭാഗമാണ് ജനപ്രതിനിധിയെ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ പൊലീസ് തെരുവിൽ കൈകാര്യം ചെയ്ത നടപടി. സംഭവത്തെ കടുത്ത ഭാഷയില്‍ അപലപിക്കുകയാണെന്നും പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
കെ.സി വേണുഗോപാലിന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:
അതിക്രൂരമായാണ് പാലിയേക്കര ടോൾ പ്ലാസയിൽ ലോക്സഭാ എം.പിയടക്കമുള്ള കോൺഗ്രസ് നേതാക്കളെ പൊലീസ് നേരിട്ടത്. ജനങ്ങളെ കൊള്ളയടിച്ചുകൊണ്ട് ടോൾ പിരിവ് നടത്തിയ കമ്പനിക്കെതിരെ പ്രതിഷേധിക്കാൻ ടി എൻ പ്രതാപൻ എംപിയുടെ നേതൃത്വത്തിലെത്തിയ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ക്രൂരമായിട്ടാണ് പോലീസ് മർദ്ദിച്ചത്. ഈ സംസ്ഥാനം പൊലീസ് രാജിലേക്ക് നീങ്ങിയിരിക്കുന്നു എന്നാണ് ഈ സംഭവത്തിൽ നിന്ന് പകൽ പോലെ വ്യക്തമായിരിക്കുന്നത്.
മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുക എന്നുള്ള ഉദ്ദേശം പോലീസിനു ഉണ്ടായിരുന്നു എന്നുവേണം കരുതാൻ. പ്രതിപക്ഷത്തെ കായികമായി അടിച്ചൊതുക്കാനുള്ള പിണറായി സർക്കാരിന്റെ ഗൂഢശ്രമത്തിന്റെ ഭാഗമാണ് ജനപ്രതിനിധിയെ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ പോലീസ് തെരുവിൽ കൈകാര്യം ചെയ്ത നടപടി.എം.പിയാണെന്നറിഞ്ഞിട്ടും പൊലീസ് കൈയിലുള്ള ഷീൽഡ് ഉപയോഗിച്ച് കൈക്ക് തല്ലിയും കഴുത്തിന് പിടിച്ച് തള്ളിയുമാണ് പ്രതാപനെ നേരിട്ടത്. മുൻ എം.എൽ.എ അനിൽ അക്കരയെയും തൃശൂർ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിനെയും വളഞ്ഞിട്ട് മർദിക്കുന്ന കാഴ്ച വരെ പാലിയേക്കരയിൽ നിന്നുണ്ടായി. ഗുരുതരമായ പരിക്കേറ്റ ഇവരിപ്പോൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സംഭവത്തെ കടുത്ത ഭാഷയിൽ തന്നെ അപലപിക്കുന്നു, പ്രതിഷേധം രേഖപ്പെടുത്തുന്നു.
മാത്രമല്ല, ടോൾ പിരിക്കാൻ കാണിക്കുന്ന വ്യഗ്രത റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളിലോ അറ്റകുറ്റപ്പണികളിലോ കണ്ടിട്ടില്ല. യാത്രക്കാരെ ഇത്രമേൽ ദുരിതത്തിലാക്കുന്ന വേറെ ടോൾ കാണില്ല. ഈ ജനദ്രോഹ ടോൾ പ്ലാസ പൂട്ടുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്. അതിനുപകരം പ്രതിപക്ഷ നേതാക്കളെയും പ്രവർത്തകരെയും ക്രൂരമായി ആക്രമിക്കുന്ന പ്രവണത പൊലീസ് അവസാനിപ്പിക്കണം. ഇല്ലെങ്കിൽ അത് കൈയും കെട്ടി നോക്കി നിൽക്കാൻ ഞങ്ങൾക്കാവില്ല.
പാലിയേക്കര ടോൾ പ്ലാസയിൽ കോൺഗ്രസ് പ്രതിഷേധം; പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam