പമ്പ ഡാം ഉടൻ തുറക്കും; 5 മണിക്കൂറിനകം റാന്നി ടൗണിൽ വെള്ളമെത്തും, ആശങ്ക വേണ്ടെന്ന് കെഎസ്ഇബി

By Web TeamFirst Published Aug 9, 2020, 11:37 AM IST
Highlights

ഇടുക്കി ഉൾപ്പടെ പ്രധാന ഡാമുകളിൽ ആശങ്ക ഇല്ലെന്നും കെഎസ്ഇബി ചെയര്‍മാൻ എൻ എസ് പിള്ള 

തിരുവനന്തപുരം: കനത്ത മഴയിൽ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിൽ പമ്പ അണക്കെട്ട് നിറഞ്ഞു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി അണക്കെട്ട് തുറക്കുകയാണ്. ജലനിരപ്പ് ഉയർന്നതിനാൽ ആറ് ഷട്ടറുകൾ രണ്ട് അടിവീതം ഉയര്‍ത്താനാണ് തീരുമാനം. എട്ട് മണിക്കൂറെങ്കിലും ഷട്ടർ തുറന്ന് വക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പമ്പ നദിയിൽ നാൽപ്പത് സെന്റീമീറ്ററെങ്കിലും ജലനിരപ്പ് ഉയരും. അഞ്ചു മണിക്കൂറിനുള്ളിൽ റാന്നി ടൗണിലേക്ക് വെള്ളമെത്തുമെന്നാണ് കരുതുന്നത്. 

എന്നാൽ അണക്കെട്ട് തുറക്കുന്നത് വഴി വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് കെഎസ്ഇബിയും ജില്ലാ ഭരണകൂടവും പറയുന്നത്.  ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. നീരൊഴുക്ക് കാര്യമായി ഉണ്ടാകില്ലെന്ന് മാത്രവുമല്ല ചെറിയ ഡാമുകൂടിയായതിനാൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും കെഎസ്ഇബി വിശദീകരിക്കുന്നു . റാന്നി ടൗണിൽ 19 ബോട്ടുകളും തിരുവല്ലയിൽ ആറ് ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. 

ഇടുക്കി ഉൾപ്പടെ പ്രധാന ഡാമുകളിൽ ആശങ്ക ഇല്ലെന്നും കെഎസ്ഇബി ചെയര്‍മാൻ എൻ എസ് പിള്ള പറഞ്ഞു. അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നുണ്ട്. എന്നാൽ ക്രമാതീതമായി വെള്ളം തുറന്ന് വിടേണ്ട സാഹചര്യമൊന്നും നിലവിലില്ലെന്നും കെഎസ്ഇബി ചെയര്‍മാൻ വിശദീകരിച്ചു.

click me!