
പത്തനംതിട്ട: പ്രളയത്തിൽ പമ്പയിൽ അടിഞ്ഞുകൂടിയ മണൽ ശേഖരത്തിൽ നിന്ന് ദേവസ്വം ബോർഡിന്‍റെ നിർമ്മാണ ആവശ്യത്തിന് അനുവദിച്ച മണൽ മാറ്റാൻ തുടങ്ങി. 20000 ക്യുബിക് മീറ്റർ മണലാണ് ദേവസ്വത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നൽകാൻ സർക്കാർ നിർദേശം നൽകിയത്. പമ്പയിൽ അടഞ്ഞ് കൂടിയ മണലിനെചൊല്ലി വനംവകുപ്പും ദേവസ്വവും തമ്മിലുണ്ടായ തർക്കത്തിനൊടുവിലാണ് മണൽ ശേഖരത്തിൽ നിന്ന് നിർമ്മാണ ആവശ്യത്തിനുള്ളത് നൽകാൻ സർക്കാർ നിർദേശം നൽകിയത്.
മണലിന്‍റെ വിലയായി നേരത്തെ 9 കോടി രൂപ വനംവകുപ്പ് ദേവസ്വത്തോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ദേവസ്വം സർക്കാരിനെ സമീപിച്ചു. പിന്നീട് നടന്ന ചർച്ചയിലാണ് 20000 ക്യൂബിക് മീറ്റർ സൗജന്യമായി നൽകാൻ ധാരണയായത്. സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഈ മണലാണ് ഉപയോഗിക്കുക. മണൽ നീക്കം ചെയ്യുന്ന ജോലി തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള സ്വകാര്യ ഗ്രൂപ്പാണ് ഏറ്റെടുത്തിരിക്കുന്നത്.
സന്നിധാനം, പമ്പ എന്നിവിടങ്ങളിലേക്ക് 5000 ക്യുബിക് മീറ്റർ വീതവും നിലക്കലിലേക്ക് 10000 ക്യുബിക് മീറ്ററും മാറ്റും. 1കോടിയിലധികം രൂപക്കാണ് സ്വകാര്യ ഗ്രൂപ്പ് മണൽ നീക്കം ചെയ്യാനുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത്. ശേഷിക്കുന്ന മണൽ വിൽക്കുന്നതിന് വനം വകുപ്പ് ടെൻണ്ടർ ക്ഷണിച്ചിട്ടുണ്ട്. കാലവർഷത്തിൽ വീണ്ടും വെള്ളപൊക്കം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് വേഗത്തിൽ മണൽ നീക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam