
വയനാട്: പനമരത്തെ വാർഡ് മെമ്പർ ബെന്നിയെ നേരെ സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമണം നടത്തിയ സംഭവത്തിൽ പൊലീസ് ബെന്നിയുടെ മൊഴിയെടുത്തു. പഞ്ചായത്തിൽ അഴിമതി ആരോപിച്ച് എൽഡിഎഫ് അംഗമായ ബെന്നി 16 ദിവസം നിരാഹാരം നടത്തിയിരുന്നു. ഇതിന് പിന്നാലെ എൽഡിഎഫിൽ നിന്നും ജെഡിഎസിൽ നിന്നും ബെന്നിയെ പുറത്താക്കിയിരുന്നു.
ഇതിന് ശേഷം പനമരത്ത് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിൽ ബെന്നി യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി. ഇതിന് ശേഷം സിപിഎം ഡിസംബർ 16 ന് പനമരത്ത് പൊതുയോഗം നടത്തുകയും ബെന്നി ചെറിയാനെതിരെ പ്രസംഗിക്കുകയും ചെയ്തിരുന്നു. സിപിഎം ഏരിയ കമ്മിറ്റി അംഗം ഷിജുവിനും അമ്മയ്ക്കും എതിരെ ബെന്നി ചെറിയാൻ അസഭ്യം പറഞ്ഞതിലായിരുന്നു സിപിഎം പ്രതിഷേധം. ഇന്നലെയാണ് ബെന്നിക്കെതിരെ ആക്രമണം നടന്നത്. പരുക്കേറ്റ ഇദ്ദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.