
കാസർകോട്: കാസർകോട് പാണത്തൂരിലുണ്ടായ ബസ് അപകടത്തിന്റെ കാരണം യന്ത്രത്തകരാറല്ലെന്ന് കാസർകോട് ആർടിഒ. ഫിറ്റ്നസ് സർട്ടിഫിക്കറ്റുള്ള വണ്ടിയാണ് അപകടത്തിൽപെട്ടതെന്നും ടയറിന് തേയ്മാനമോ ബ്രേക്കിന് പ്രശ്നങ്ങളോ പരിശോധനയിൽ കണ്ടെത്താനായില്ലെന്നും കാസർകോട് ആർടിഒ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചെങ്കുത്തായ ഇറക്കം ആയതിനാൽ ഡ്രൈവറുടെ അശ്രദ്ധയും പരിചയ കുറവും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് നിഗമനം. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയ ശേഷം കൂടുതൽ പരിശോധന നടത്തുമെന്നും ആർടിഒ രാധാകൃഷ്ണൻ അറിയിച്ചു.
ബസപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും അഭിപ്രായപ്പെട്ടു. വാഹനാപകടത്തിൽ പരിക്കേറ്റ 11 പേർ അപകട നില തരണം ചെയ്തു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണിവർ. ഇന്നലെ ഉച്ചയോടെ ഉണ്ടായ അപകടത്തിൽ 2 കുട്ടികളടക്കം 7 പേരാണ് മരിച്ചത്. അപകടത്തിൻ്റെ കാരണങ്ങൾ കണ്ടെത്താനുള്ള വിശദ പരിശോധനക്കായി ആർടിഒ യുടേയും സബ് കളക്ടറുടേയും സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തും.
ഡ്രൈവറുടെ അശ്രദ്ധയ്ക്കൊപ്പം ബസിൽ അമിതമായി ആള് കയറിയതും അപകട കാരണമായെന്നാണ് അനുമാനം. എന്നാൽ ചെങ്കുത്തായ അന്തർസംസ്ഥാന പാത പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ പ്രദേശത്ത് അപകടം തുടർക്കഥയാവുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
സ്ഥലം പരിചിതമല്ലാത്ത ഡ്രൈവർമാർക്ക് ഒരു പിടിയും കിട്ടില്ലെന്നും സ്ഥിരം അപകടം നടക്കുന്ന മേഖലയാണിതെന്നും നാട്ടുകാർ പറയുന്നു. ചെങ്കുത്തായ ഇറക്കവും വളവും ഉള്ള സ്ഥലത്ത് ഒരു സിഗ്നൽ പോലുമില്ലാത്തത് അപകട കാരണമായിട്ടുണ്ടാകമെന്നാണ് പ്രദേശവാസികളുടെ അനുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam