
തിരുവനന്തപുരം: നെടുമങ്ങാട് പഴകുറ്റി പാലം ഉദ്ഘാടന വിവാദത്തിൽ വിശദീകരണവുമായി പഞ്ചായത്തംഗം ഷീജ. പാലം ഉദ്ഘാടനത്തിന് എത്തിയില്ലെങ്കിൽ കുടുംബശ്രീ അംഗങ്ങൾ 100 രൂപ ഫൈൻ നൽകണമെന്ന് പറഞ്ഞത് തമാശയാണെന്ന് ഷീജ പറഞ്ഞു. ശബ്ദ സന്ദേശം വിവാദമായ പശ്ചാത്തലത്തിലാണ് പഞ്ചായത്ത് അംഗത്തിന്റെ വിശദീകരണം.
''20 വർഷം കുടുംബശ്രീയിൽ പ്രവർത്തിച്ച ഒരു വ്യക്തിയാണ് ഞാൻ. എന്റെ ഒരു സൗഹൃദ ഗ്രൂപ്പിൽ ഞാനൊരു മെസേജിട്ടു. എല്ലാ ആൾക്കാരും പങ്കെടുക്കണം. വോയ്സ് കേൾക്കുന്ന എല്ലാവർക്കും മനസ്സിലാകും. അവസാനം കളി രൂപേണ ചിരിച്ചു കൊണ്ടാണ് ഫൈൻ എന്ന കാര്യം പറഞ്ഞു പോയത്. അതിന് മറ്റൊരു അർത്ഥമില്ല. എനിക്ക് സ്വന്തമായി പൈസ എടുക്കാനല്ല. കളി രൂപേണ പറഞ്ഞ കാര്യമാണ്. ഇത്രയേറെ വിവാദത്തിൽ ചെന്നെത്തിയിരിക്കുന്നത്.'' ഷീജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആനാട് പഞ്ചായത്ത് അംഗമാണ് ഷീജ.
മന്ത്രിമാർ പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിന് എത്തിയില്ലെങ്കിൽ കുടുംബശ്രീ അംഗങ്ങൾക്ക് 100 രൂപ പിഴ ഈടാക്കുമെന്ന് വാർഡ് അംഗം കുടുംബശ്രീ അംഗങ്ങൾക്ക് അയച്ച ശബ്ദ സന്ദേശം പുറത്തായത് ഇന്നലെയാണ്. നെടുമങ്ങാട് പഴകുറ്റി പാലം ഉദ്ഘാടനത്തിന് എത്താൻ ആവശ്യപ്പെടുന്ന സന്ദേശത്തിലാണ് വന്നില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് വാർഡ് അംഗം ഷീജ പറയുന്നത്. രണ്ട് മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയാണെന്നും അന്ന് മറ്റെല്ലാം പരിപാടികളും മാറ്റിവെക്കണമെന്നുമാണ് ശബ്ദസന്ദേശത്തിൽ ഉള്ളത്.
എന്നാൽ സംഭവത്തിൽ വിശദീകരണവുമായി ഷീജ രംഗത്തെത്തിയിരുന്നു. പിഴ ഈടാക്കുമെന്ന് കാര്യമായി പറഞ്ഞതല്ല, അംഗങ്ങളോടുള്ള അടുത്ത ബന്ധത്തിന്റെ പേരിൽ വെറുതെ പറഞ്ഞതാണ് എന്നായിരുന്നു ഷീജയുടെ ആദ്യ വിശദീകരണം. കാലങ്ങളായി കാത്തിരുന്ന ചടങ്ങ് യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് എല്ലാ കുടുംബശ്രീ അംഗങ്ങളോടും നിർബന്ധമായും എത്താൻ പറഞ്ഞതെന്നും ഷീജ വിശദീകരിച്ചു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്തു. 2025 ഓടെ ദേശീയപാതാ വികസനം പൂർത്തിയാക്കും. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ഉദ്ഘാടനം ചെയ്യുന്ന 49 ആം പാലമാണ് പഴകുറ്റി പാലം. പാലങ്ങൾ ദീപാലംകൃതമാക്കി ടൂറിസം കേന്ദ്രമാക്കി മാറ്റും. 2023 - 24 ൽ 50 പാലങ്ങൾ ഇത്തരത്തിൽ ടൂറിസം പാലങ്ങളാക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
'സിപിഎം ജാഥയിൽ പങ്കെടുത്തില്ലെങ്കില്‍ ജോലിഉണ്ടാകില്ല'; കുട്ടനാട്ടിലെ ചുമട്ട് തൊഴിലാളികൾക്ക് ഭീഷണി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam