
തിരുവനന്തപുരം: കേരളത്തിലെ കാർഷിക മേഖലയെ കൊവിഡ് വൈറസ് ബാധ തകർത്ത ഈ കാലത്ത് കർഷകരുടെ പ്രശ്നങ്ങൾക്കും ചോദ്യങ്ങൾക്കും സംസ്ഥാന കൃഷിമന്ത്രി വിഎസ് സുനിൽ കുമാർ ഏഷ്യാനെറ്റ് ന്യൂസിലൂടെ തത്സമയം മറുപടി നൽകി. ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്ന് മണി വരെയുള്ള ഒരു മണിക്കൂറാണ് കൃഷി മന്ത്രി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള കർഷകരുമായി സംസാരിച്ചതും അവരുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടതും.
ലോക്ക് ഡൗൺ വന്ന സമയത്ത് നാം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി കർണാടകയും തമിഴ്നാടും വഴി വരുന്ന ഭക്ഷ്യോത്പന്നങ്ങളുടെ ചരക്കു നീക്കം തടസപ്പെടുമോ എന്നതായിരുന്നു. മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ച് നാം എത്രകാലം കഴിയും. ഇത്രയേറെ പ്രകൃതി അനുഗ്രഹിച്ച കേരളം പോലൊരു സംസ്ഥാനത്ത് നമ്മുക്ക് വ്യാപകമായി കൃഷി നടത്താം. ഒരു എഴുപത് ശതമാനം കുടുംബങ്ങളെങ്കിലും സ്വന്തം ആവശ്യത്തിന് വേണ്ടി പച്ചക്കറികൾ കൃഷി ചെയ്തു എടുത്താൽ തന്നെ നമ്മുക്ക് പ്രതിസന്ധി മറികടക്കാം - പ്രേക്ഷകരുമായുള്ള സംവാദത്തിനിടെ വിഎസ് സുനിൽ കുമാർ പറഞ്ഞു.
കൊവിഡ് പ്രതിസന്ധി കാരണം പൊട്ടുവെള്ളരി വിളവെടുക്കാൻ സാധിക്കുന്നില്ല. എട്ടേക്കറിൽ കൃഷി ചെയ്യുന്ന ആളാണ് ഞാൻ. അവിടെ പോയി വെള്ളം നനയ്ക്കാനും മറ്റും പറ്റുന്നില്ല - അംബുജാക്ഷൻ കൊടുങ്ങല്ലൂർ - പൊട്ടുവെള്ളരി കർഷകൻ
ഞാൻ സ്ഥലം എംഎൽഎയുമായി ഇന്നു സംസാരിച്ചു. നിങ്ങളുടെ എംഎൽഎയുമായി ഇന്നു സംസാരിച്ചിട്ടുണ്ട്. താങ്കൾ കൃഷി ചെയ്ത പൊട്ടുവെള്ളരി ഹോർട്ടികോർപ്പ് വഴി സംഭരിക്കും. ഹോർട്ടി കോർപ്പിന്റെ ഹെൽപ്പ് ലൈൻ നമ്പറിലൂടേയും നിങ്ങൾക്ക് ഇതിനു വേണ്ട നടപടി സ്വീകരിക്കാം. കമ്മ്യൂണിറ്റി കിച്ചന് വേണ്ടിയും താങ്കളുടെ ഉത്പനങ്ങൾ ഉപയോഗപ്പെടുത്താം.
കൊവിഡ് പ്രതിസന്ധി കാരണം പൈനാപ്പിൾ വിളവെടുക്കാൻ സാധിക്കുന്നില്ല - സുധീർ, പൈനാപ്പിൾ കർഷകൻ - കോട്ടയം
5000 ടണ്ണോളം പൈനപ്പിൾ കേരളത്തിൽ മാത്രം വിളവെടുക്കാൻ സാധിക്കുന്നില്ല. ലോറികൾ മഹാരാഷ്ട്രയിലേക്ക് പോകുന്നില്ല എന്നതായിരുന്നു ആദ്യത്തെ പ്രശ്നം അതിപ്പോൾ പരിഹരിച്ചു. ഹോർട്ടികോർപ്പ് പ്രതിദിനം 20 ടൺ പൈനാപ്പിൾ സംഭരിക്കുന്നുണ്ട് അതു അൻപത് ടണ്ണാക്കി ഉയർത്തും ഇതോടൊപ്പം സംസ്ഥാനത്തെ അഞ്ഞൂറോളം സപ്ലൈകോ ഔട്ട്ലെറ്റ് വഴി വിതരണം ആരംഭിച്ചു. ഹോർട്ടികോർപ്പ് ഓൺലൈനായി വിൽപന ആരംഭിച്ചു. സ്വകാര്യ പൈനാപ്പിൾ സംസ്കാരണ യൂണിറ്റുകൾക്ക് പ്രവർത്തിക്കാൻ വേണ്ട സഹായം ഒരുക്കി നൽകിയിട്ടുണ്ട്.
ഇതോടൊപ്പം തൃശ്ശൂരിലെ പൈനാപ്പിൾ സംസ്കരണകേന്ദ്രത്തിൽ അൻപത് ടൺ പൈനാപ്പിൾ പ്രതിദിനം സംസ്കരിക്കും. ഇങ്ങനെ നിത്യേന 150 ടൺ പൈനാപ്പിൾ വരെ കൈകാര്യം ചെയ്യുന്നുണ്ട്. ഇതോടെ കയറ്റുമതി ചെയ്യാനും അത്യാവശ്യം പൈനാപ്പിൾ ശേഖരിക്കുന്നുണ്ട്. ഉടനെ ഇല്ലെങ്കിലും ഘട്ടം ഘട്ടമായി ഈ പ്രശ്നം പെട്ടെന്ന് തീർക്കാനാണ് ശ്രമിക്കുന്നത്. പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ടാണ് സർക്കാർ പ്രവർത്തിക്കുന്നത്. ചെറുകിട പൈനാപ്പിൾ കർഷകരുടെ പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കാനാണ് സർക്കാർ മുൻഗണന നൽകുന്നത്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കൂടുതലായി പൈനാപ്പിൾ കൃഷി നടക്കുന്നത്.
ഞങ്ങൾ കൊയ്ത്തുമെഷീൻ ബുക്ക് ചെയ്തിട്ടും കിട്ടുന്നില്ല. ഭൂരിഭാഗം പാടത്തും കൊയ്ത്തു നടന്നില്ല.വിളവെടുക്കാനും കയറ്റുമതി ചെയ്യാനും എന്തേലും സൗകര്യമുണ്ടോ മജീദ് - നെൽകർഷകൻ, തൃശ്ശൂർ
57 കൊയ്ത്തുമെഷീനുകൾ പ്രവർത്തനസജ്ജമാണ്. 15 കേടായ മെഷീനുകൾ അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്യും. 15 ദിവസം കൊണ്ട് കൊയ്ത്ത് തീർക്കാൻ എസി മൊയ്തീൻ മന്ത്രി അധ്യക്ഷനായി സമിതിയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ തമിഴ്നാട്ടിൽ നിന്നും തൊഴിലാളികളെ കിട്ടാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുന്നുണ്ട്. കിലോയ്ക്ക് 12 രൂപയാണ് ഹാൻഡിലിംഗ് ചാർജ്.അതിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. നെല്ലിന്റെ വില രണ്ടാഴ്ച കൊണ്ടു ലഭ്യമാക്കും
കൊവിഡ് കാലമായതിനാൽ വിത്തുകിട്ടാൻ ബുദ്ധിമുട്ടുണ്ട്. വിത്തുകൾ എത്തിക്കാൻ സൗകര്യം ഒന്നുമില്ല. എന്തേലും ചെയ്താൽ ഈ ലോക്ക് ഡൗൺ കാലത്ത് കൃഷി സജീവമാക്കാം - സാവിത്രി - കർഷക, നെടുങ്കണ്ടം
വിത്തുകൾ പഞ്ചായത്തുകളിലൂടെ വിതരണം ചെയ്യാൻ പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് മാത്രം രണ്ട് ലക്ഷം പാക്ക് വിത്തുകൾ രണ്ട് ദിവസത്തിനകം ജനങ്ങളിൽ എത്തിക്കും.
നെല്ല് സംഭരണത്തിലെ പ്രതിസന്ധി തീർക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ അവിടെ നിയോഗിക്കാമോ ? - ഹിമേഷ്, നെൽകർഷകൻ, പാലക്കാട്
മന്ത്രിമാരായ കൃഷ്ണൻകുട്ടിയും എകെ ബാലനും ഇന്നവിടെ യോഗം ചേർന്ന് നെൽ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നു. പാലാക്കാട്ടെ നെൽ കൊയ്ത്ത് പൂർത്തിയാക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അവിടെ രണ്ട് പിഎംഒമാരുടെ കുറവുണ്ടായിരുന്നു എന്ന് കണ്ട് അതു പരിഹരിച്ചിട്ടുണ്ട്. സംഭരിക്കുന്ന പച്ചക്കറിയെല്ലാം അന്നന്ന് തന്നെ വിറ്റഴിക്കാൻ സാധിക്കുന്നുണ്ട്. ശീതികരണ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പൈനാപ്പിൾ സംഭരിക്കാൻ പ്രതിസന്ധി നേരിടുന്നുണ്ട്. എല്ലാ സ്ഥലത്തും സഹകരണസ്ഥാപനങ്ങളുടെ സഹായത്തോടെ സംസ്ഥാനവ്യപകമായി ശീതികരണ സംവിധാനങ്ങൾ ഒരുക്കാനാണ് സർക്കാരിൻ്റെ ശ്രമം.
കൊറോണ വന്ന ശേഷം വാഴക്കുലകൾ ഒന്നും വിറ്റഴിക്കാൻ പറ്റുന്നില്ല. ഹോർട്ടികോർപ്പ് വഴി കുറച്ചു കുലകൾ മാത്രമേ വിറ്റഴിക്കാൻ പറ്റുന്നുള്ളൂ -സുജിത്ത്, വാഴകർഷകൻ - നെടുമങ്ങാട്
കപ്പപഴം മാർക്കറ്റിൽ കൊണ്ടു വരാൻ പരിമിതികളുണ്ട്. ലുലു ഗ്രൂപ്പ് അടക്കമുള്ള സ്വകാര്യ സംരഭകരോട് സംസാരിച്ചെങ്കിലും ഇതുവിറ്റു പോകാനുള്ള സാധ്യതയില്ലെന്നാണ് അവർ പറയുന്നത്. നഷ്ടം വന്നാലും ഹോർട്ടികോപ്പ് വഴി മുഴുവൻ കപ്പവാഴയും ഞങ്ങൾ ശേഖരിക്കും. ഇക്കാര്യത്തിൽ ആശങ്ക വേണ്ട.
കൊവിഡ് ലോക്ക് ഡൗണിലും കർഷക പ്രവൃത്തികൾ തുടരാൻ യാതൊരു തടസവുമില്ല. സ്വന്തം തോട്ടവും വിളകളും പരിചരിക്കാനും സംരക്ഷിക്കാനും കർഷകന് പോകാം. നിയന്ത്രിതമായ രീതിയിലും കർഷകരുടേയും കാർഷികോത്പന്നങ്ങളുടേയും നീക്കം അനുവദിച്ചിട്ടുണ്ട്.
ഏലം വിൽക്കാൻ യാതൊരു മാർഗവുമില്ല, പന്ത്രണ്ട് ശതമാനമാണ് ലോൺ പലിശ അതൊന്നു ഏഴാക്കി കുറയ്ക്കാൻ സർക്കാർ ഇടപെടണം
ജോയിച്ചൻ ഏലം കർഷകൻ - കട്ടപ്പന
ആർബിഐ പ്രഖ്യാപിച്ച ഇളവുകൾ എല്ലാ കാർഷികലോണുകൾക്കും ബാധകമാണ്. 1.60 ലക്ഷം വരെ കിസാൻ ക്രെഡിറ്റ് കാർഡിലൂടെ ലഭ്യമാണ്. വീട്ടിലിരുന്ന് തന്നെ ഏലം കർഷകർക്ക് വിൽക്കാം. ഇതിനായി സമീപത്തെ സഹകരണബാങ്കുകളിൽ ബന്ധപ്പെട്ടാൽ മതി. ഏലം വിട്ടു കൊടുക്കും മുൻപേ തന്നെ അതിൻ്റെ വില കർഷകന് വാങ്ങാം.
2018-ലെ കൃഷി പ്രളയത്തിൽ നശിച്ചു പോയിരുന്നു. അതിനു ശേഷം ലോൺ എടുത്ത് മൂന്നിടത്തായി 18 ഏക്കറിൽ കൃഷി ചെയ്തിരുന്നു. സപ്ലൈകോയിലാണ് നെല്ല് കൊടുത്തത്. ആ സ്ലിപ്പ് കാണിച്ച് ലോണെടുക്കാൻ ശ്രമിച്ചെങ്കിലും ബാങ്കുകൾ സഹകരിക്കുന്നില്ല. സപ്ലൈകോയിൽ നിന്നും പൈസ കിട്ടിയില്ല എന്നാണ് ബാങ്കുകൾ പറയുന്നത്. - ലിസി ജോർജ്, നെല്ല് കർഷക - എറണാകുളം
ഇക്കാര്യത്തിൽ ബാങ്കുകൾ സ്വീകരിച്ചത് തെറ്റായ നടപടിയാണ്. ബാങ്കുകൾക്ക് കൊടുക്കാനുള്ള പൈസ മുഴുവൻ സർക്കാർ കൊടുത്തു തീർത്തതാണ്. നമ്മുടെ കൃഷിക്കാർ പലരും വിളവുകൾ ഇൻഷുർ ചെയ്യുന്നതിൽ വിമുഖത കാണിക്കുന്നുണ്ട്. ഇതു തെറ്റായ നടപടിയാണ്. ആയിരം രൂപ വയ്ക്കുമ്പോൾ മൂന്ന് രൂപ കൊടുത്ത് ഇൻഷുർ ചെയ്താൽ വിളനാശം വന്നാലും മുന്നൂറ് രൂപ തിരികെ കിട്ടും.
തേയിലയുടെ കൊളുന്തെടുക്കുന്നത് മുപ്പത് ദിവസത്തിലാണ്. എന്നാൽ ഫാക്ടറി തുറക്കാത്ത കാരണം 35 ദിവസമായിട്ടും കൊളുന്ത് പറിക്കാൻ പറ്റിയിട്ടില്ല - ബെന്നി തേയില കർഷകൻ ഇടുക്കി
തേയില തോട്ടക്കാർക്ക് കൂടുതൽ ഇളവ് സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. കൊളുന്ത് നുള്ളാൻ അനുമതി നൽകിയാലും അതു സംസ്കാരിക്കാനുള്ള ഫാക്ടറി കൂടി തുറന്നാൽ മാത്രമേ എന്തെങ്കിലും കാര്യമുള്ളൂ. മെഷീൻ ഉപയോഗിച്ച് കൊളുന്തു പറിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ എന്തു ചെയ്യാൻ പറ്റും എന്നു സർക്കാർ പരിശോധിച്ചു വരികയാണ്. റബ്ബർ, ഓയൽ പാം തോട്ടങ്ങളിൽ സർക്കാർ നേരത്തെ ചില ഇളവുകൾ ലോക്ക് ഡൗണിൽ നൽകിയിരുന്നു. എന്നാൽ ആളുകൾ കൂട്ടമായി ജോലി ചെയ്യുന്ന തേലം തോട്ടങ്ങളിൽ ഇത്തരം ഇളവുകൾ നൽകുന്നതിൽ ആശയക്കുഴപ്പം ഉണ്ട്.
നെടുങ്കണ്ടത്ത് സ്ഥലം പാട്ടത്തിന് എടുത്താണ് ഏലം കൃഷി ചെയ്യുന്നത്. ഇന്നലെ അവിടെ തൊഴിലാളികളുമായി പോയപ്പോൾ പൊലീസ് പിടിച്ചു കേസെടുത്തു. തോട്ടത്തിലേക്ക് ഒരു മൂന്ന് പേരുമായി പോകാൻ അനുമതി നൽകാമോ - സിബിച്ചൻ, ഏലം കർഷകൻ, കട്ടപ്പന
തോട്ടത്തിന് വ്യാപ്തി അനുസരിച്ച് ആളുകളെ കയറ്റി വിടാൻ പൊലീസിന് അനുമതി നൽകിയിട്ടുണ്ട്. ഏതു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പ്രശ്നമുണ്ടായത് എന്ന കാര്യം പറഞ്ഞാൽ അവിടെ ഞാൻ വിളിച്ചു പറഞ്ഞു പൊലീസുകാരോട് തൊഴിലാളികളെ കടത്തി വിടാൻ പറയാം.
പുതുതായി തെങ്ങിൻ തൈകൾ കിട്ടാനുള്ള പദ്ധതി നിലവിലുള്ളതായി കേട്ടു. തൈകൾ കിട്ടാൻ എന്താണ് ചെയ്യേണ്ടത്. കെജി അരവിന്ദാക്ഷൻ, നാളികേര കർഷകൻ,തൃശ്ശൂർ
ഒരു വാർഡിൽ 75 തൈകൾ വീതമാണ് സൗജന്യനിരക്കിൽ വിതരണം ചെയ്യുന്നത്. 2019 മുതൽ 29 വരെയുള്ള പത്ത് വർഷം കൊണ്ട് രണ്ടു കോടി തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ചു ജനങ്ങൾക്ക് നൽകാനാണ് ശ്രമം. കഴിഞ്ഞ വർഷം ആറ് ലക്ഷം തൈകൾ കൊടുത്തു. ഈ വർഷം 15 ലക്ഷം തൈകൾ നൽകാനാണ് ശ്രമം. നല്ലൊരു മദർഫാം ഉണ്ടെങ്കിൽ മാത്രമേ തൈകൾ നൽകാൻ പറ്റൂ. വളരെ സങ്കീർണവും സമയമെടുക്കുന്നതുമാണ് ഈ തെങ്ങിൻ തൈ ഉത്പാദനം. സംസ്ഥാനത്തെ ആയിരം പഞ്ചായത്തുകളിലും തെങ്ങിൻ തൈ എത്തിക്കാനാണ് സർക്കാരിൻ്റെ ശ്രമം 475 പഞ്ചായത്തുകളിൽ കഴിഞ്ഞ വർഷം തൈകളിൽ എത്തിച്ചു. ഈ വർഷം അവശേഷിച്ച പഞ്ചായത്തുകളിലും തൈകൾ എത്തിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam