
കോട്ടയം: സാധനങ്ങള്‍ വാങ്ങിയതായി വ്യാജ രേഖകളുണ്ടാക്കി പണം തട്ടിയ സംഭവത്തിൽ മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് പത്ത് വര്‍ഷം തടവും 95,000 രൂപ പിഴയും ശിക്ഷ. കോട്ടയം ജില്ലയിലെ മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ സെക്രട്ടറിയായിരുന്ന ആര്‍ ശ്രീകുമാറിനെയാണ് കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചത്. അഞ്ച് വകുപ്പുകളിൽ ഓരോന്നിലും രണ്ട് വര്‍ഷം വീതമാണ് തടവ് ശിക്ഷ അനുഭവിക്കേണ്ടത്.
2008ൽ നടന്ന തട്ടിപ്പ് സംബന്ധിച്ച് വിജിലൻസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോൾ വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പറഞ്ഞത്. 2008 ജൂൺ മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയത്ത് ആകെ 72,822 രൂപ അപഹരിച്ച് സര്‍ക്കാറിന് നഷ്ടം വരുത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. തൊഴിലുറപ്പ് പദ്ധതിക്കായി കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിയതിലാണ് കൃത്രിമം നടന്നത്. പത്തനംതിട്ടയിലെ റീജിയണൽ ആഗ്രോ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് ഓഫ് കേരള ലിമിറ്റഡിൽ നിന്ന് (റെയ്ഡ്കോ) കാർഷിക ഉപകരണങ്ങള്‍ വാങ്ങിയതായി വ്യാജ രസീത് ഉപയോഗിച്ച് പണം തട്ടുകയായിരുന്നു എന്നാണ് വിജിലൻസ് രജിസ്റ്റര്‍ ചെയ്ത കേസിൽ പറയുന്നത്.
കോട്ടയം വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത്, അന്വേഷണം നടത്തി, കുറ്റപത്രം നൽകിയ കേസിലാണ് അഞ്ച് വകുപ്പുകളിലായി ഓരോ വകുപ്പിനും രണ്ട് വർഷം വീതം കഠിന തടവിനും, ആകെ 95,000 രൂപ പിഴ ഒടുക്കുന്നതിനും വിജിലൻസ് കോടതി ഇന്ന് ശിക്ഷ വിധിച്ചത്. കോട്ടയം വിജിലൻസ് ഡി.വൈ.എസ്.പിയായിരുന്ന പി. കൃഷ്ണ കുമാറാണ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. വിജിലൻസ് ഇൻസ്പെക്ടർമാരായിരുന്ന അമ്മിണി കുട്ടൻ, കെ.എ. രമേശൻ, ആർ. മധു, സജു വർഗ്ഗീസ് എന്നിവർ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി. കോട്ടയം വിജിലൻസ് ഡി.വൈ.എസ്.പി എസ്. സുരേഷ് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.
വിചാരണയ്ക്കൊടുവിൽ ശ്രീകുമാർകുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തി. വിവിധ വകുപ്പുകളിൽ 10 വർഷം ശിക്ഷ വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നുണ്ട്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ രാജ് മോഹൻ ആർ പിള്ളയാണ് ഹാജരായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam