പത്തനംതിട്ട: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ പത്തംതിട്ട ജില്ലയിലെ പന്തളം നഗരസഭയിലെ ബിജെപി മുന്നേറ്റത്തിന്‍റെ പശ്ചാത്തലത്തിൽ സംഘടനാ തലത്തിൽ കടുത്ത നടപടിയുമായി സിപിഎം. തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ ശ്രദ്ധേയമായ മുന്നേറ്റം ഉണ്ടാക്കിയിട്ടും പന്തളത്ത് ഏറ്റ തിരിച്ചടി വളരെ ഗൗരവമായാണ് സിപിഎം കാണുന്നത്. ഏരിയ സെക്രട്ടറി ഫസലിനെ സ്ഥാനത്തുനിന്ന് നീക്കി. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശത്തെത്തുടർന്ന് ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തത്.
കഴിഞ്ഞതവണ ഏഴ് സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി ഒറ്റയടിക്ക് 18 സീറ്റ് നേടിയാണ് അധികാരത്തിൽ എത്തിയത്. 15 സീറ്റുണ്ടായിരുന്ന എൽഡിഎഫ് എട്ട് സീറ്റിൽ ചുരുങ്ങുകയും ചെയ്തു. ഇക്കാര്യം അതീവ ഗൗരവത്തോടെയാണ് സിപിഎം സംസ്ഥാന നേതൃത്വം കാണുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ പ്രാദേശിക സിപിഎം നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.
ഏരിയ ലോക്കൽ തലത്തിൽ ഉണ്ടായ വീഴ്ചയാണ് പരാജയത്തിന് പിന്നിലെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. സിപിഎം ആഭ്യന്തരമായി നടത്തിയ അന്വേഷണത്തിലും പ്രാദേശിക ഘടകത്തിലെ വീഴ്ചകൾ കണ്ടെത്തിയിരുന്നു. ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെയുണ്ടായ ഭൂരിപക്ഷ സമുദായ വോട്ടുകളുടെ ധ്രുവീകരണം തടയുന്നതിൽ കമ്മിറ്റികൾക്ക് വീഴ്ച ഉണ്ടായെന്നും നേതൃത്വം കണ്ടെത്തി.
ഇതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വിലയിരുത്തലിന് ചേർന്ന ജില്ലാ കമ്മിറ്റി ഏരിയാ സെക്രട്ടറിയെ സ്ഥാനത്തു നിന്ന് മാറ്റാൻ തീരുമാനിച്ചത്. റിപ്പോർട്ടുകൾ പരിഗണിച്ച് സംസ്ഥാന നേതൃത്വം ഇതിന് പച്ചക്കൊടി കാണിച്ചിരുന്നു.ജില്ലാ സെക്രെട്ടേറിയറ്റ് അംഗം പിബി ഹർഷാകുമാറിനാണ് താത്കാലിക ചുമതല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam