
തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രമടക്കം നിരവധി പ്രധാന ഹൈന്ദവ ആരാധനാലയങ്ങൾ ജൂൺ 30 വരെ തുറക്കേണ്ടെന്ന തീരുമാനം എടുത്തു. അതേസമയം, ശബരിമല ക്ഷേത്രം അടക്കം തുറക്കാനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ പന്തളം കൊട്ടാരം രംഗത്തെത്തി.
പത്മനാഭ സ്വാമി ക്ഷേത്രം ഈ മാസം 30 വരെ തുറക്കേണ്ടെന്ന് ക്ഷേത്ര ഭരണ സമിതിയാണ് തീരുമാനിച്ചത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവയടക്കം ടിടികെ ദേവസ്വത്തിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളിലും ഭക്തജനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം ജൂൺ 30 വരെ തുടരാൻ തീരുമാനിച്ചു. നിത്യപൂജകൾ മുടക്കം കൂടാതെ നടക്കും. കോവിഡ് രോഗഭീതി ഒരു സാമൂഹിക വ്യാപനത്തിന്റെ വക്കിലെത്തി നിൽക്കുന്ന സാഹചര്യത്തിലാണിത്.
ശബരിമലയിൽ അടുത്ത ആഴ്ച ഉത്സവം നടക്കാനിരിക്കെ ഇതര സംസ്ഥാനത്ത് നിന്നടക്കമുള്ള ഭക്തരെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുമെന്ന് പന്തളം കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറി പിഎൻ നാരായണവർമ്മ പറഞ്ഞു. സംസ്ഥാനത്തു കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നതിനാൽ ജൂൺ മുപ്പത് വരെ തിരുമല ക്ഷേത്രത്തിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ലെന്ന് കൊച്ചിൻ തിരുമല ദേവസ്വം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം കമ്മിറ്റിയുടെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലും ജൂൺ മുപ്പത് വരെ പൊതുജനത്തെ പ്രവേശിപ്പിക്കില്ല.
ലാറ്റിൻ കത്തോലിക്കാ സഭ ദില്ലി അതിരൂപതയുടെ കീഴിൽ ഉള്ള പള്ളികൾ ഈ മാസം 28 വരെ തുറക്കില്ലെന്ന് ആർച് ബിഷപ് അനിൽ കൂട്ടോ വ്യക്തമാക്കി. എൻഎസ്എസിന് കീഴിലുള്ള ക്ഷേത്രങ്ങളും നാളെ തുറക്കില്ല. കോഴിക്കോട് പിഷാരികാവ് ക്ഷേത്രത്തിൽ ഭക്തജനങ്ങളെ അനുവദിക്കില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തജനങ്ങളെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ളതിനാലാണ് തീരുമാനം.
കോഴിക്കോട് സാമൂതിരി രാജയുടെ ട്രസ്റ്റിക്ക് കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രവേശന നിയന്ത്രണം തുടരും .48 ക്ഷേത്രങ്ങളാണ് ഉള്ളത്. സർക്കാർ നിർദ്ദേശം പാലിച്ച് ക്ഷേത്രങ്ങളിൽ പ്രവേശനം നടത്താൻ ബുദ്ധിമുട്ട് ഉള്ളതിനാലാണ് തീരുമാനം. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ സർക്കാർ നിയന്ത്രണങ്ങൾ പാലിച്ച് ബലികർമങ്ങൾ നടത്താൻ ട്രസ്റ്റ് അനുമതി നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam