
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ മര്‍ദ്ദനത്തിന് ഇരയായ യുവതിയുടെ പരാതി ഭാഗികമായി തള്ളി പ്രതിയുടെ അമ്മ ഉഷ. മകൻ രാഹുൽ മര്‍ദ്ദിച്ചുവെന്നും എന്നാൽ അതിന്റെ കാരണം യുവതി ആരോപിക്കുന്നത് പോലെ സ്ത്രീധനമല്ലെന്നും രാഹുലിന്റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുവതിയുടെ ഫോണിൽ എത്തിയ മെസേജുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് മർദ്ദനത്തിലെത്തിയത്. അങ്ങോട്ടും ഇങ്ങോട്ടും വാക്കുതര്‍ക്കമുണ്ടായി. സ്ത്രീധനവുമായി ബന്ധപ്പെട്ട വഴക്ക് ഉണ്ടായിട്ടില്ല. യുവതി വിവാഹം കഴിഞ്ഞ് വന്ന അന്ന് മുതൽ തങ്ങളുമായി യാതൊരു വിധത്തിലും സഹകരിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമാണ് മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് വന്നിരുന്നത്. രോഗിയായതിനാൽ താൻ മുകളിലേക്ക് പോകാറില്ല. മര്‍ദ്ദനം നടക്കുന്നത് താൻ അറിഞ്ഞിരുന്നില്ല. മകന് നേരത്തെ നിശ്ചയിച്ച കല്യാണം പെൺകുട്ടിയുടെ വീട്ടുകാർ പിന്മാറിയതിനെ തുടർന്ന് മുടങ്ങിയിരുന്നു. ഇവ രണ്ടും വിവാഹത്തിലെത്തിയിരുന്നില്ല. ഇന്നലെ വൈകിട്ട് 3 വരെ രാഹുൽ വീട്ടിൽ ഉണ്ടായിരുന്നെന്നും അമ്മ ഉഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് യുവതിയുടെ അച്ഛൻ ഹരിദാസൻ ആവശ്യപ്പെട്ടു. കേസെടുക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥർ ഗുരുതര വീഴ്ച വരുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി. മകളെ മര്‍ദ്ദിച്ച ഭര്‍ത്താവ് രാഹുൽ വിവാഹ തട്ടിപ്പുകാരനെന്ന് ഹരിദാസൻ ആരോപിച്ചു. രാഹുൽ നേരത്തെ രണ്ട് വിവാഹം ഉറപ്പിക്കുകയും പിൻവാങ്ങുകയും ചെയ്തിട്ടുണ്ടെന്നാണ് ആരോപണം. ഇക്കാര്യങ്ങൾ കൂടി പൊലീസ് പരിശോധിക്കണമെന്ന് പറഞ്ഞ അദ്ദേഹം കേസ് എറണാകുളത്തേക്ക് മാറ്റണമെന്നും പന്തീരങ്കാവ് പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും പറഞ്ഞു.
നവവധുവിന് മർദനമേറ്റ സംഭവത്തിൽ ഭർത്താവിനെതിരെ വധശ്രമത്തിനും സ്ത്രീധന പീഡനത്തിനുമടക്കം കേസെടുത്തിട്ടുണ്ട്. രാഹുലിനെതിരെ കർശന നടപടി സ്വീകരിക്കാത്തതിന് പൊലീസിനെതിരെ വിമർശനം ശക്തമായതിന് പിന്നാലെയാണ് നടപടി. ഗാർഹിക പീഡനക്കുറ്റവും സ്ത്രീധന പീഡനക്കുറ്റവുമാണ് രാഹുലിന് മേൽ ചുമത്തിയിരുന്നത്. കേസെടുത്തതിന് പിന്നാലെ രാഹുലിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam