'പഴി പെണ്ണിന് മാത്രമെന്നത് വിചിത്രം'; 'നോ' കൂടി പറയാനുള്ള സ്വാതന്ത്ര്യമാണ് പ്രണയമെന്ന് ആര്യ രാജേന്ദ്രന്‍

Published : Oct 23, 2022, 01:03 PM IST
'പഴി പെണ്ണിന് മാത്രമെന്നത് വിചിത്രം'; 'നോ' കൂടി പറയാനുള്ള സ്വാതന്ത്ര്യമാണ് പ്രണയമെന്ന് ആര്യ രാജേന്ദ്രന്‍

Synopsis

ഒരു പെൺകുട്ടി തന്റെ നിലപാട് വ്യക്തമാക്കിയാൽ അവൾക്ക് നേരെ നടക്കുന്ന വ്യക്തിഹത്യയെയും പൊതുവിടത്തിലെ അപമാനിക്കലിനെയും ആൾക്കൂട്ട ആക്രമണത്തെയും വരെ നേരിടേണ്ടി വരും

തിരുവനന്തപുരം: കണ്ണൂർ പാനൂരിൽ യുവാവിന്‍റെ പ്രണയപ്പകയില്‍ ജീവന്‍ നഷ്ടമായ വിഷ്ണുപ്രിയയുടെ മുഖം കണ്മുന്നിൽ നിന്ന് മായുന്നില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. അവൾ ആക്രമിക്കപെട്ടപ്പോൾ അനുഭവിച്ച വേദനയേക്കാൾ പതിന്മടങ്ങു വേദന അതിന് മുൻപുള്ള ദിവസങ്ങളിൽ അനുഭവിച്ചിട്ടുണ്ടാകും. സ്ത്രീയെ ത്യാഗിണിയായി ചിത്രീകരിച്ച കാലഘട്ടം കഴിഞ്ഞു പോയെന്ന് എന്നാണിനി ഇവർ തിരിച്ചറിയുകയെന്ന് ആര്യ ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു പെൺകുട്ടി അതിക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു, അതിന്റെ കാരണം അവൾ പ്രണയം നിരസിച്ചു എന്നതാണത്രേ. പ്രണയം പറയാനും, പ്രണയിക്കാനും, അതാരെ ആവണമെന്ന് തീരുമാനിക്കാനും, തനിക്ക് യോജിക്കാൻ കഴിയാത്ത ആളാണെങ്കിൽ ആ ബന്ധം അവസാനിപ്പിക്കാനും, പുരുഷനുള്ളത്രയും സ്വാതന്ത്ര്യം സ്ത്രീക്കുമുണ്ട്. ഇന്നോളം പ്രണയം ഉപേക്ഷിക്കാത്ത പുരുഷന്മാർ ഈ നാട്ടിൽ എത്രപേരുണ്ടാകും. അപ്പോഴും പഴി പെണ്ണിനാണ് എന്നതാണ് വിചിത്രം.

അത് മാത്രമാണോ, ഒരു പെൺകുട്ടി തന്റെ നിലപാട് വ്യക്തമാക്കിയാൽ അവൾക്ക് നേരെ നടക്കുന്ന വ്യക്തിഹത്യയെയും പൊതുവിടത്തിലെ അപമാനിക്കലിനെയും ആൾക്കൂട്ട ആക്രമണത്തെയും വരെ നേരിടേണ്ടി വരും. അതൊന്നും പോരാത്തതിന് ഇക്കഥയൊന്നും അറിയാതെ കേട്ടുകേൾവികളുടെ മാത്രം ബലത്തിൽ സ്വന്തം മനോരോഗത്തിന് ശാന്തി കിട്ടാൻ സാമൂഹിക മാധ്യമത്തിലൂടെ അവൾക്ക് നേരെ അധിക്ഷേപം ചൊരിയുന്ന വേറെയും കുറേ ആങ്ങളമാർ ഉണ്ട് ഇക്കാലത്ത്.

ഇത്തരം മനോരോഗികളെ കണ്ടെത്തി തക്കതായ ചികിത്സ നൽകിയില്ലെങ്കിൽ നാളെ മറ്റേതെങ്കിലും ഒരു പെൺകുട്ടി ഇരയാവുക തന്നെ ചെയ്യുമെന്നും ആര്യ പറഞ്ഞു. ജീവിതത്തിൽ 'യെസ്' എന്ന് മാത്രമല്ല 'നോ' എന്ന് കൂടി പറയാനുള്ള സ്വാതന്ത്ര്യമാണ് പ്രണയം. അതിന് പ്രണയിക്കണം. മറ്റുള്ളവരും മനുഷ്യരാണ് എന്ന അടിസ്ഥാനപരമായ ബോധ്യമുണ്ടാവണം. സ്നേഹം, പ്രണയം, വിവാഹം എന്നിവയൊക്കെ ഉടമസ്ഥാവകാശമാണ് എന്ന തെറ്റിധാരണ ആദ്യം തിരുത്തണം.

ഏറ്റവും പ്രധാനം അത്തരം ചിന്തകൾക്കും പറച്ചിലുകൾക്കും ഒളിഞ്ഞും തെളിഞ്ഞും കയ്യടിച്ചു കൊടുക്കുന്ന നാണംകെട്ട ഏർപ്പാട് അവസാനിപ്പിക്കണമെന്നും ആര്യ കുറിച്ചു. അതേസമയം, കേസിൽ അറസ്റ്റിലായ പ്രതി ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി ആസൂത്രണം നടത്തിയിരുന്നതായുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെയും കൊല്ലാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടത്.

ഇയാൾ വിഷ്ണുപ്രിയയുമായി പ്രണയത്തിലാണെന്ന് ശ്യാംജിത് സംശയിച്ചിരുന്നു. പ്രണയം തകർന്നതാണ് പകയിലേക്ക് എത്തിയത്. പ്രണയം പെൺകുട്ടി അവസാനിപ്പിച്ചതോടെ ശ്യാംജിത്തിന് സംശയം തുടങ്ങി. സുഹൃത്തുമായി പ്രണയത്തിലാണെന്ന് സംശയിച്ചു. ഇതോടെ വിഷ്ണുപ്രിയയെയും സുഹൃത്തിനെയും കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.  

ശ്യാംജിതിന് പ്രചോദനമായത് മലയാളം സിനിമയിലെ സീരിയൽ കില്ലറുടെ കഥ!

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ
'ഡോക്ടർമാർ 4 വർഷം ആയുസ് വിധിച്ചവനാണ് എൻ്റെ മാറോട് ചേർന്ന്...'; പ്രിയ സുഹൃത്തിനെ കുറിച്ച് സ്‌പീക്കർ എഎൻ ഷംസീർ