
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുള്ള സമയം ഇനിയും നീട്ടണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗത്തിൽ ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഒരാഴ്ച്ച നീട്ടിയതു പോരെന്ന് സിപിഎമ്മും കോണ്‍ഗ്രസും പറഞ്ഞു. ഇനിയും ഫോം സ്വീകരിക്കാത്ത 20.75 ലക്ഷം പേരെക്കുറിച്ചുള്ള പരിശോധന നടത്താൻ തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കഴിഞ്ഞാൽ ആവശ്യത്തിന് സമയമുണ്ടെന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മറുപടി.
സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം പരിഗണിച്ച് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുള്ള സമയം തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരാഴ്ച നീട്ടിയിരുന്നു. എന്നാൽ ഇതു പോരെന്നാണ് ബിജെപി ഒഴികെയുള്ള പാര്‍ട്ടികളുടെ അഭിപ്രായം. 20.75 ലക്ഷം ഫോമാണ് തിരിച്ചു കിട്ടാനുള്ളത്. ഇതിൽ 6.11 ലക്ഷം പേര്‍ മരിച്ചവരാണ്. കണ്ടെത്താനാകാത്തവര്‍ 5.66 ലക്ഷം പേരുണ്ട്. താമസം മാറിയവര്‍ 7.39 ലക്ഷം, ഒന്നിലധികം ബൂത്തിലെ പട്ടികയിൽ ഉള്‍പ്പെട്ടവര്‍ 1.12 ലക്ഷം എന്നിങ്ങനെയാണ്. കരട് ഇറക്കുമ്പോള്‍ ഒഴിവാക്കിയവരുടെ പട്ടികയും പ്രത്യേകം നൽകണം. പരിശോധനയ്ക്ക് തദ്ദേശ തെരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞ് സമയം പോരെന്നാണ് സിപിഎമ്മിന്‍റെ അഭിപ്രായം. സമയം നീട്ടിയില്ലെങ്കിൽ 35 ലക്ഷത്തോളം പേര്‍ പുറത്താകുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
അന്തിമ പട്ടികയിൽ ഉള്‍പ്പെടാൻ അരക്കോടിയോളം പേര്‍ രേഖകള്‍ നൽകേണ്ടിവരുമെന്ന് മുസ്ലീം ലീഗ്. ഇതിന് ഒരു മാസത്തെ സമയം പോരെന്നും ലീഗ് പറഞ്ഞു. പ്രവാസികളുടെ ആശങ്ക പരിഹരിക്കാൻ സംഘടനകളുടെ യോഗം വിളിക്കും. 97 ശതമാനം ഫോമും ഡിജിറ്റൈസ് ചെയ്തെന്നും കമ്മീഷൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam