
കണ്ണൂര്‍: പയ്യന്നൂരിൽ രണ്ട് കോടി ഫണ്ട് തിരിമറി ചൂണ്ടിക്കാണിച്ചതിന് നടപടി നേരിട്ട മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള പാർട്ടി ശ്രമം വിജയിച്ചില്ല. ഏരിയ സെക്രട്ടറി സ്ഥാനം ഉൾപെടെ വാഗ്ദാനം ചെയതെങ്കിലും ഫണ്ട് തട്ടിയ എംഎൽഎ ടി ഐ മധുസൂധനനെ ശക്തമായ നടപടിയില്ലാതെ പാർട്ടിയിലേക്കില്ലെന്നാണ് കുഞ്ഞികൃഷ്ണന്റെ നിലപാട്. പാർട്ടിക്ക് നൽകിയ ഫണ്ട് തട്ടിപ്പിന്റെ രേഖകൾ കുഞ്ഞികൃഷ്ണൻ പുറത്ത് വിടുമോ എന്ന ആശങ്കയിലാണ് നേതാക്കൾ.
പയ്യന്നൂർ എംഎൽഎ ടിഐ മധുസൂധനനും സംഘവും പാർട്ടിയുടെ മൂന്ന് ഫണ്ടുകളിൽ നിന്നായി രണ്ട് കോടിയിലേറെ തട്ടിയെടുത്തു എന്നായിരുന്നു ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ ജില്ലാ നേതൃത്വത്തിന് നൽകിയ പരാതി. ടി ഐ മധുസൂധനനെ തരം താഴ്ത്തിനോടൊപ്പം കുഞ്ഞികൃഷ്ണനെ സ്ഥാനത്ത് നിന്നും നീക്കിയ ജില്ലാ നേതൃത്വത്തിന് പക്ഷെ നിലവിൽ കൈപൊള്ളിയ അവസ്ഥയാണ്. പാർട്ടിക്ക് ഒരു രൂപയുടെ നഷ്ടമുണ്ടായിട്ടില്ലെന്നും ഫണ്ടുകളുടെ ഓഡിറ്റ് വൈകിയത് മാത്രമാണ് വീഴ്ചയെന്ന് കാട്ടി പുതിയൊരു കണക്ക് കീഴ് കമ്മറ്റികളിൽ അവതരിപ്പിച്ചാണ് നാല് മാസം മുൻപ് സിപിഎം വിവാദങ്ങളിൽ നിന്ന് തലയൂരിയത്.
എന്നാൽ പാർട്ടിക്ക് രണ്ട് കോടിയിലേറെ പണം നഷ്ടപ്പെട്ടു എന്ന് വ്യക്തമാകുന്ന ബാങ്ക് രേഖകൾ ഉൾപെടെയുള്ള തെളിവ് കുഞ്ഞികൃഷ്ണന്റെ കയ്യിലുണ്ട്. കുഞ്ഞികൃഷ്ണനെ പാർട്ടി പുറത്താക്കിയാൽ ആ കണക്ക് വെളിയിലാകും. അതിനാൽ ഏത് വിധേനയും കുഞ്ഞികൃഷ്ണനെ തിരിച്ചെത്തിക്കാൻ നീക്കം തുടരുകയാണ്. പയ്യന്നൂരിൽ കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്ന സി കൃഷ്ണൻ ഉൾപെടെയുള്ള മുതിർന്ന നേതാക്കളെയും ഏരിയ കമ്മറ്റി അംഗങ്ങളെയും ആണ് ഇതിന് ചുമതലപ്പെടുത്തിയത്. വിട്ടുനിൽക്കുന്നത് പാർട്ടി ശത്രുക്കൾക്ക് ഗുണം ചെയ്യുമെന്നും ക്രമക്കേടിനെതിരായ പോരാട്ടം പാർട്ടിക്കകത്ത് നടത്താം എന്നുമാണ് ഇവർ കുഞ്ഞികൃഷ്ണനെ അറിയിച്ചത്. പക്ഷെ തട്ടിപ്പ് നടത്തിയ ടി ഐ മധുസൂധനൻ എംഎൽഎയ്ക്കെതിരെ കടുത്ത നടപടി ഇല്ലാതെ താൻ പിന്നോട്ടില്ലെന്ന് ഉറപ്പിച്ചുപറയുകയാണ് കരിവെള്ളൂരെ സഖാവ് കുഞ്ഞികൃഷ്ണൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam