ഒരു വോട്ടും ചോരരുത്, പഴുതടച്ച് പ്രവര്‍ത്തിക്കണം: തിരുവനന്തപുരത്ത് സിപിഎമ്മുകാര്‍ക്ക് നിര്‍ദ്ദേശവുമായി പിണറായി

By Web TeamFirst Published Apr 19, 2024, 8:23 PM IST
Highlights

വ്യക്തിപരമായി പന്ന്യൻ രവീന്ദ്രനുള്ള സ്വീകാര്യതയും ഇടത് മുന്നണിയുടെ ചിട്ടയായ പ്രവർത്തനവുമാണ് ഇക്കുറി തിരുവനന്തപുരത്ത് സിപിഐ പ്രതീക്ഷ

തിരുവനന്തപുരം: കഴിഞ്ഞ തവണ ക്രോസ് വോട്ടിംഗ് ആരോപണങ്ങൾ നേരിട്ട തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ഇത്തവണ ഇടത് വോട്ട് ഉറപ്പിക്കാൻ പിണറായി വിജയൻ നേരിട്ട് രംഗത്തെത്തി. ഒരു വോട്ടും ചോരരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി, അതിനനുസരിച്ച് പഴുതടച്ച് പ്രവർത്തിക്കാൻ സിപിഎം പ്രവര്‍ത്തകര്‍ക്ക് നിർദ്ദേശം നൽകി.

വ്യക്തിപരമായി പന്ന്യൻ രവീന്ദ്രനുള്ള സ്വീകാര്യതയും ഇടത് മുന്നണിയുടെ ചിട്ടയായ പ്രവർത്തനവുമാണ് ഇക്കുറി തിരുവനന്തപുരത്ത് സിപിഐ പ്രതീക്ഷ. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കിട്ടിയ വോട്ടിന്റെ വ്യക്തമായ ലീഡ് , ഒപ്പം യുഡിഎഫ് അനുകൂല വോട്ടിലുണ്ടാകുന്ന വിള്ളൽ എന്നിവക്കൊപ്പം തനത് ഇടത് വോട്ടിൽ ശ്രദ്ധ വച്ചാൽ പോലും തിരുവനന്തപുരത്ത് വിജയം ഉറപ്പിക്കാമെന്ന കണക്ക് കൂട്ടലുമായാണ് അവസാന ലാപ്പിലെ പ്രചാരണം. സിപിഎം നേതൃനിര പ്രചാരണത്തിൽ സജീവമല്ലെന്ന പ്രതിപക്ഷ വിമർശനങ്ങൾക്കിടെ കഴിഞ്ഞ ദിവസം സ്ഥിതി വിലയിരുത്താൻ പ്രചാരണ ചുമതലയുള്ളവരുടെ യോഗം വിളിച്ച മുഖ്യമന്ത്രി, കർശന നിർദ്ദേശം നൽകി. 

ജയിച്ച് കയറാവുന്ന സീറ്റിൽ വോട്ട് പോലും വോട്ട് ചോരുന്ന സ്ഥിതിയുണ്ടാകരുതെന്ന് ഓർമ്മിപ്പിച്ച മുഖ്യമന്ത്രി അവസാന റൗണ്ട് പ്രചാരണത്തിന് കൃത്യമായ മേൽനോട്ടവും വേണമെന്ന് പറഞ്ഞു. കഴിഞ്ഞ രണ്ട് മൂന്ന് തെരഞ്ഞെടുപ്പുകളിൽ ശശി തരൂരിന്റെ വിജയം ഉറപ്പിച്ചതിന് പിന്നിൽ ഇടത് വോട്ട് കൂടി ഉണ്ടെന്ന ആക്ഷേപം നിലനിൽക്കെ കൂടിയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. തീരദേശം അടക്കം കേന്ദ്രീകരിച്ച് നടത്തുന്ന റോഡ് ഷോകൾ, മണ്ഡല പര്യടനങ്ങളും സ്വീകരണങ്ങളും വ്യക്തിപരമായ കൂടിക്കാഴ്ചകൾ, അങ്ങനെ അവസാന മണിക്കൂറുകളിലേക്ക് പ്രചാരണം കടക്കുമ്പോൾ തിരക്കിട്ട പ്രവര്‍ത്തനത്തിലാണ് പന്ന്യൻ രവീന്ദ്രൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!