
കോട്ടയം: പുതുപ്പള്ളിയിയിൽ ഉമ്മൻചാണ്ടിക്ക് പിൻഗാമിയോ പകരക്കാരനോ ഇല്ലെന്ന് ചാണ്ടി ഉമ്മൻ. തെരഞ്ഞെടുപ്പ് നടന്നാൽ ആര് മത്സരിക്കണം എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പാർട്ടി ഏത് ചുമതല ഏൽപ്പിച്ചാലും താൻ അത് നിർവ്വഹിക്കുമെന്നും ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്കിൽ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ഒഴിവു വന്ന പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് രാഷ്ട്രീയപ്പാർട്ടികൾ കടന്നുകഴിഞ്ഞു. ഉപതെരഞ്ഞെടുപ്പ് വൈകാനിടയില്ലെന്ന് വിലയിരുത്തുന്ന സിപിഎമ്മിന്‍റെ ആദ്യപരിഗണനയിൽ ജെയ്ക്ക് സി തോമസാണുള്ളത്.
1970 ൽ കോൺഗ്രസിന്‍റെ കടുത്ത പ്രതിസന്ധി കാലത്താണ് പുതുപ്പള്ളിയെ ഉമ്മൻചാണ്ടിയും ഉമ്മൻചാണ്ടിയെ പുതുപ്പള്ളിയും ഏറ്റെടുക്കുന്നത്. പിന്നിടിങ്ങോട്ട് 12 തവണയും പുതുപ്പള്ളിക്ക് ഒരേ ഒരു തെരഞ്ഞെടപ്പേ ഉണ്ടായിട്ടുള്ളു. ഉമ്മൻചാണ്ടിയുടെ വിയോഗ ശേഷം ഇനിയാരെന്നാണ് ചോദ്യം. ഉപതെരഞ്ഞെടുപ്പ് ചര്ച്ചകൾക്ക് കളം പാകമായില്ലെന്ന് വിശ്വസിക്കുന്ന കോൺഗ്രസ് നേതാക്കളോ ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളോ ഇക്കാര്യത്തിൽ ഒരു പ്രതികരണത്തിനും ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും ചര്‍ച്ചകൾ സജീവമാണ്. സമീപകാല ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രം നോക്കിയാൽ കോൺഗ്രസിന്‍റെ പ്രഥമ പരിഗണന കുടുംബാംഗങ്ങൾക്ക് തന്നെ. സാധ്യതാ ചര്‍ച്ചകളിൽ മുന്നിൽ മകൻ ചാണ്ടി ഉമ്മനുണ്ട്. രാഷ്ട്രീയ പരിചയം ചാണ്ടിക്കാണെങ്കിലും ജന സ്വീകര്യതയിൽ മകൾ അച്ചു ഉമ്മൻ പിന്നിലല്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
വിലാപയാത്രയിലുടനീളം ഉമ്മൻചാണ്ടിക്ക് കിട്ടിയ ജനസ്വീകാര്യത പുതുപ്പള്ളിക്ക് പുറത്തും പാര്‍ട്ടിക്കരുത്താക്കാൻ ശ്രമക്കുന്ന കോൺഗ്രസ്, ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് പുറത്ത് നിന്നൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള സാധ്യത തീരെയില്ല. തെരഞ്ഞെടുപ്പ് വൈകില്ലെന്ന വിലയിരുത്തലിലാണ് സിപിഎം . അടുത്ത മാസം ആദ്യം നടക്കുന്ന നേതൃയോഗങ്ങൾക്ക് ശേഷം തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാക്കാനാണ് പാര്‍ട്ടി ധാരണ. സ്ഥാനാര്ത്ഥി ചര്‍ച്ചകൾ തുടങ്ങുന്നത് ജെയ്ക്ക് സി തോമസിലാണ്. കഴിഞ്ഞ രണ്ടുതവണയും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്ക് സി.തോമസിന് ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 2016ലെ 27092 വോട്ടില്‍ നിന്ന് 8990ലേക്ക് കുറയ്ക്കാന്‍ സാധിച്ചിരുന്നു. 1970 ലെ ആദ്യ തെരഞ്ഞെടുപ്പിൽ മാത്രമാണ് ഉമ്മൻ ചാണ്ടിക്ക് ഇതിൽ കുറവ് ഭൂരിപക്ഷം കിട്ടിയത്. സഹതാപ തരംഗമെന്ന യാധാര്‍ത്ഥ്യത്തിനിടക്കും പ്രതീക്ഷ നൽകുന്ന കണക്കുകളെന്ന് കണക്കു കൂട്ടിയാണ് സിപിഎം പുതുപ്പള്ളിയിലേക്ക് നീങ്ങുന്നത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam