കെടി ജലീൽ ഇടപെട്ട വിവാദ മാർക്ക് ദാനം; വിശദീകരണം തേടി ഗവർണ്ണർ

By Web TeamFirst Published Oct 5, 2019, 6:30 PM IST
Highlights

കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കൊളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാ‍ർത്ഥി ശ്രീഹരിക്ക് വേണ്ടി മന്ത്രി ജലീൽ ഇടപെട്ടുവെന്ന ആരോപണത്തിലാണ് രാജ്ഭവൻ ഇടപെടൽ. പരീക്ഷക്ക് തോറ്റ വിദ്യാർത്ഥി മന്ത്രിയുടെ നിർദേശപ്രകാരം നടന്ന പുനർമൂല്യനിർണയത്തിലൂടെ കൂടുതൽ മാർക്ക് നേടി ജയിക്കുകയായിരുന്നു.

തിരുവനന്തപുരം: പരീക്ഷയിൽ തോറ്റ ബിടെക്ക് വിദ്യാർത്ഥിയെ ജയിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ഇടപെട്ട സംഭവത്തിൽ ഗവർണറുടെ ഇടപെടൽ. മന്ത്രി കെ ടി ജലീൽ ഇടപെട്ട്  അദാലത്തിലൂടെ പുനർ മൂല്യ നിർണ്ണയത്തിന് നിർദ്ദേശം നൽകിയ നടപടിയിൽ സാങ്കേതിക സർവ്വകലാശാലയോട് രാജ്ഭവൻ വിശദീകരണം തേടി. സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റിയുടെ പരാതി പരിഗണിച്ചാണ് ഇടപെടൽ. വിവാദ പുനർ മൂല്യനിർണ്ണയത്തിന് ശേഷം 16 മാർക്ക് അധികം നേടി വിദ്യാർത്ഥി വിജയിച്ചിരുന്നു. 29 മാർക്ക് നേടിയ വിദ്യാർത്ഥിക്ക് അവസാന പുന‍ർമൂല്യ നിർണ്ണയത്തിൽ 48 മാർക്കാണ് കിട്ടിയത്.

പരീക്ഷയിൽ തോറ്റ ബിടെക്ക് വിദ്യാർത്ഥിയെ ജയിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ഇടപെട്ടെന്ന് കാണിച്ച് കഴിഞ്ഞ മാസം ഇരുപത്തിയൊന്നിനാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവർണ്ണർക്ക് പരാതി നൽകിയത്. അദാലത്തിൽ പ്രത്യേക കേസായി പരിഗണിക്കാൻ മന്ത്രി ആവശ്യപ്പെട്ടതിന്‍റെ രേഖകൾ സഹിതമായിരുന്നു പരാതി. 

കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കൊളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാ‍ർത്ഥി ശ്രീഹരിക്ക് വേണ്ടി മന്ത്രി ജലീൽ ഇടപെട്ടുവെന്നാണ് ആരോപണം. അഞ്ചാം സെമസ്റ്റർ ഡൈനാമിക്സ് ഓഫ് മെഷനറീസ് പരീക്ഷക്ക് ശ്രീഹരിക്ക് ആദ്യം ലഭിച്ചത് 29 മാർക്ക് ആയിരുന്നു. പുനർമൂല്യനിർണ്ണയത്തിന് ശേഷം 32 മാര്‍ക്ക് കിട്ടിയെങ്കിലും ജയിക്കാൻ വേണ്ടത് 45 മാർക്ക് ആയിരുന്നു. വീണ്ടും മൂല്യനിർണ്ണയത്തിന് അപേക്ഷിച്ചെങ്കിലും ചട്ടം അനുവദിക്കുന്നില്ലെന്ന് സാങ്കേതിക സർവ്വകലാശാല മറുപടി നൽകി. തുടർന്നാണ് മന്ത്രിയെ നേരിട്ട് സമീപിച്ചത്. 

2018 ഫെബ്രുവരി 27ന് ചേർന്ന അദാലത്തിൽ മന്ത്രി കെ ടി ജലീൽ നേരിട്ട് പങ്കെടുത്തു. വിഷയം പ്രത്യേകം കേസായി പരിഗണിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. മന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ നടന്ന പുനർമൂല്യ നിർണ്ണയത്തിൽ 32 മാർക്ക് 48 ആയി കൂടി. തോറ്റ പേപ്പ‌റിൽ ശ്രീഹരി ജയിക്കുകയും ചെയ്തു. എന്നാൽ മാനുഷിക പരിഗണന കണക്കിലെടുത്താണ് വിഷയത്തിൽ ഇടപെട്ടതെന്നാണ് മന്ത്രി നൽകിയ വിശദീകരണം. മറ്റെല്ലാം വിഷയങ്ങളിലും ഉയർന്ന മാർക്ക് കിട്ടിയതും പരിഗണിച്ചാണ് നിർദ്ദേശമെന്നും  കെടി ജലീൽ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു.

സാങ്കേതിക സർവകലാശാലയും ക്രമക്കേടിന് കൂട്ടു നിന്നെന്ന് കണ്ടെത്തിയിരുന്നു. പുനർമൂല്യനിർണ്ണയം നടത്തി ബിടെക്ക് വിദ്യാർത്ഥിയെ ജയിപ്പിച്ച നടപടിയിൽ സാങ്കേതിക സർവ്വകലാശാല ഡാറ്റാബേസിലും മാറ്റം വരുത്തിയെന്നായിരുന്നു കണ്ടെത്തൽ. ഒടുവിൽ കിട്ടിയ മാർക്ക് ആദ്യം ലഭിച്ച മാർക്കാക്കി തിരുത്താൻ സർവ്വകലാശാല പ്രത്യേകം ഉത്തരവിറക്കി. മൂല്യനിർണ്ണയം നടത്തി തോൽപ്പിച്ചു എന്ന് മന്ത്രി ആരോപിച്ച അധ്യാപകർക്കെതിരെ സാങ്കേതിക സർവ്വകലാശാല നടപടി എടുക്കാതിരുന്നതും സംഭവത്തിൽ ദുരൂഹത കൂട്ടിയിരുന്നു. 


 

click me!