Passenger train : പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തിയതിന് കാരണം കൊവിഡല്ല, ലോക്കോപൈലറ്റുമാരുടെ കുറവ്

By Web TeamFirst Published Jan 26, 2022, 7:40 AM IST
Highlights

സുഗമമായി സര്‍വ്വീസ് നടത്താന്‍ പാലക്കാട് ഡിവിഷനില്‍ മാത്രം 158 പേര്‍ വേണം. ഉള്ളത് 108 പേര്‍. തിരുവനന്തപുരം ഡിവിഷനിലും സ്ഥിതി വ്യത്യസ്തമല്ല. നൂറ് ലോക്കോ പൈലറ്റുമാരെ ആവശ്യമുണ്ടെങ്കില്‍ 130 പേരെയെങ്കിലും നിയമിക്കണമെന്നാണ് ചട്ടം.
 

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്കോപൈലറ്റുമാരുടെ (Loco pilots) കുറവ് തീവണ്ടി ഗതാഗതത്തെ പ്രതിസന്ധിയിലാക്കുന്നു. കൊവിഡിന്റെ പേരില്‍ പാസഞ്ചര്‍ തീവണ്ടികള്‍ (Passenger Trains) പലതും റെയില്‍വേ നിര്‍ത്തിയത് ഓടിക്കാന്‍ ആളില്ലാത്തതിനാലാണെന്ന് ലോക്കോ പൈലറ്റുമാര്‍ പറയുന്നു. ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്നാണ് ഇവരുടെ ആവശ്യം. ലോക്കോപൈലറ്റുമാരുടെ കുറവ് ദീര്‍ഘ ദൂര വണ്ടികളെ വരെ ബാധിച്ചു. ദക്ഷിണ റെയില്‍വേയില്‍ പൊതുവേയും പാലക്കാട്, തിരുവന്തപുരം ഡിവിഷനുകളിലും തീവണ്ടി ഓടിക്കാന്‍ ആവശ്യത്തിന് ലോക്കോ പൈലറ്റുമാരില്ലാത്ത സാഹചര്യമുള്ളത്. 

സുഗമമായി സര്‍വ്വീസ് നടത്താന്‍ പാലക്കാട് ഡിവിഷനില്‍ മാത്രം 158 പേര്‍ വേണം. ഉള്ളത് 108 പേര്‍. തിരുവനന്തപുരം ഡിവിഷനിലും സ്ഥിതി വ്യത്യസ്തമല്ല. നൂറ് ലോക്കോ പൈലറ്റുമാരെ ആവശ്യമുണ്ടെങ്കില്‍ 130 പേരെയെങ്കിലും നിയമിക്കണമെന്നാണ് ചട്ടം. അവധി, പരിശീലനം എന്നിവ പരിഗണിച്ചാണിത്. കൊവിഡ് കാലം കൂടി ആയതോടെ പ്രതിസന്ധി രൂക്ഷമാണ്. ഒഴിവുകള്‍ നികത്താതെ ഗുഡ്‌സ് തീവണ്ടികളിലെ ലോക്കോപൈലറ്റുമാരെ പാസഞ്ചര്‍ വണ്ടികളിലേക്ക് മാറ്റുന്ന സാഹചര്യവും ഉണ്ട്.

മതിയായ പരിശീലനം നല്‍കിയ ശേഷമേ ഗുഡ്‌സ് ലോക്കോ പൈലറ്റുമാരെ പാസഞ്ചര്‍ വണ്ടികള്‍ ഓടിക്കാന്‍ നിയോഗിക്കാവൂ എന്നാണ് ചട്ടം. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം. ആള്‍ ക്ഷാമം കാരണം ജോലിഭാരത്തിനൊപ്പം വിശ്രമവും കിട്ടുന്നില്ലെന്നും ലോക്കോപൈലറ്റുമാര്‍ പരാതിപ്പെടുന്നു.
 

click me!