അവിനാശി അപകടം: ബെംഗളൂരുവിലേക്ക് കൂടുതല്‍ തീവണ്ടികള്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു

By Web TeamFirst Published Feb 22, 2020, 3:50 PM IST
Highlights

ബെംഗളൂരുവില്‍ നിന്നും മലബാറിലേക്ക് ദിവസേന ഒരു ട്രെയില്‍ മാത്രമാണുള്ളത്. മംഗളൂരുവില്‍ നിന്നും പാലക്കാട് വഴി എറണാകുളത്തേക്കും ആവശ്യത്തിന് ട്രെയിനില്ല. 
 

തൃശ്ശൂര്‍: ബെംഗളൂരു- കേരള റൂട്ടില്‍ റോഡപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ കൂടുതല്‍ തീവണ്ടികള്‍ ആനുവദിക്കണമെന്ന ആവശ്യം ശക്തമാക്കി റെയില്‍ യൂസേഴ്സ് അസോസിയേഷന്‍. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് ഇവരുടെ ആവശ്യം.

അവിനാശിയിലെ കെഎസ്ആര്‍ടിസി ബസ് അപകടം, തോട്ടടുത്ത ദിവസം കര്‍ണാടകയിലെ മാണ്ഡ്യയിലുണ്ടായ സ്വകാര്യബസപകടം. രണ്ടിലും ജീവന്‍ നഷ്ടമായത് മലയാളികള്‍ക്ക്. ഒരുവര്‍ഷത്തിനിടെ 14 തവണയാണ് ബെംഗളൂരു - കോഴിക്കോട് റൂട്ടില്‍ വാഹനാപകടമുണ്ടായത്. പത്തിലേറെ യാളുകള്‍ക്ക് ജീവന്‍ നഷ്ടമായി. 

ബെംഗളൂരു - പാലക്കാട് റൂട്ടിലും നിരവധി അപകടങ്ങളുണ്ടായി. അപകടത്തിനിരയായവരെല്ലാം ബെംഗളൂരുവില്‍ നിന്നും കേരളത്തേക്ക് യാത്ര ചെയ്തവര്‍. ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള ട്രെയിനുകളുടെ കുറവാണ് ഇതിനെല്ലാം കാരണമായി  റെയില്‍ യൂസേഴ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടുന്നത്. ബെംഗളൂരുവില്‍ നിന്നും മലബാറിലേക്ക് ദിവസേന ഒരു ട്രെയില്‍ മാത്രമാണുള്ളത്. മംഗളൂരുവില്‍ നിന്നും പാലക്കാട് വഴി എറണാകുളത്തേക്കും ആവശ്യത്തിന് ട്രെയിനില്ല. 

കേരളത്തിലേക്കുള്ള യാത്ര അസൗകര്യം പരിഹരിക്കാന്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് റെയില്‍ യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ കേന്ദ്രമന്ത്രി വിമുരളീധരനെ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ തീവണ്ടികള്‍ വേണമെന്ന ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍  പിന്തുണക്കണമെന്നാണ് ഇവരുടെ ആവശ്യം. കര്‍ണാടക - തമിഴ്നാട് സംസ്ഥാനങ്ങളിലെ മലയാളി അസോസിയേഷനുകളുടെ പങ്കാളിത്തത്തോടെ റെയില്‍വെ മന്ത്രിയെ കാണാനും ഇവര്‍ ആലോചിക്കുന്നുണ്ട്

click me!