
പത്തനംതിട്ട: റോഡിലെ കുഴികൾ എണ്ണാൻ പൊലീസിന് നിർദ്ദേശം നൽകി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. സ്റ്റേഷൻ പരിധിയിലെ റോഡുകളിൽ അപകടകരമായ കുഴികൾ ഉണ്ടെങ്കിൽ വിവരം പ്രത്യേക ഫോർമാറ്റിൽ തയ്യാറാക്കി ജില്ലാ പൊലീസ് മേധാവിക്ക് സമർപ്പിക്കാനാണ് എസ് എച്ച് ഒ മാർക്ക് നല്‍കിയിരിക്കുന്ന നിർദ്ദേശം.
ഈ മാസം 24ന് ജില്ലയില്‍ റോഡിലെ കുഴിയിൽ വീണ് വാഹനാപകടം ഉണ്ടായിരുന്നു. തിരുവല്ല കുമ്പഴ സംസ്ഥാന പാതയിലാണ് കുഴിയിൽ വീണ് നിയന്ത്രണം വിട്ട സ്കൂട്ടർ ബസിലിടിച്ച് അപകടം ഉണ്ടായത്. പരിക്കേറ്റത് സ്കൂട്ടർ യാത്രക്കാരിയായ കുമ്പഴ സ്വദേശി ആതിരയ്ക്കാണ്. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
24ന് രാവിലെയാണ് കണ്ണംകരയിലെ ജില്ലാ ജയിലിന് സമീപം അപകടം ഉണ്ടായത്. ജോലിക്ക് പോകാനായി കുമ്പഴയിൽ നിന്ന് പത്തനംതിട്ട ഭാഗത്തേക്ക് വന്നതാണ് ആതിര. സ്വകാര്യ ബസിനെ മറികടന്ന് പോകാൻ ശ്രമിക്കുന്നതിനിടയിലാണ് സ്കൂട്ടർ നിയന്ത്രണം വിട്ട് കുഴിയിൽ വീണത്. സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ ആതിരയുടെ ദേഹത്ത് ബസ് ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ ആതിരയെ പത്തനംതിട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടമുണ്ടാവുമ്പോൾ സ്കൂട്ടറിൽ ആതിരയടക്കം മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഹെൽമറ്റ് അടക്കമുള്ള സുരക്ഷ സംവിധാനങ്ങളുമുണ്ടായിരുന്നില്ല.
മാസങ്ങളായി തിരുവല്ല കുമ്പഴ റോഡിലെ അബാൻ ജംഗ്ഷൻ മുതൽ മൂന്ന് കിലോ മീറ്റർ ദൂരത്തിൽ കുഴികളാണ്. മഴയിൽ കുഴികളിൽ വെള്ളം നിറഞ്ഞതോടെ യാത്ര കൂടുതൽ ദുഷ്കരമായി. മുമ്പും പല തവണ അപകടങ്ങളുണ്ടായിട്ടുണ്ട്. വാട്ടർ അതോറിറ്റി പൈപ്പുകൾ സ്ഥാപിക്കാൻ കുഴിയെടുത്തത് കാരണമാണ് റോഡിലെ കുഴിയടക്കാൻ വൈകുന്നതെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്.
Read Also: ബാറില്‍വെച്ച് പരിചയപ്പെട്ടു, മദ്യപാനം ഒരുമിച്ചാക്കി, ഒടുവിൽ കത്തികുത്ത്, അറസ്റ്റ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam