പൊലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ച്  ജോലിക്ക് എത്തിയാല്‍ പിടിവീഴും, കര്‍ശന നടപടിയുമായി പത്തനംതിട്ട പൊലീസ് മേധാവി

By Web TeamFirst Published Jul 16, 2021, 5:09 PM IST
Highlights

മലയോര മേഖലകള്‍ കേന്ദ്രികരിച്ചുള്ള സ്റ്റേഷനുകളില്‍ ഉദ്യോഗസ്ഥര്‍ കൂട്ടമായി ഇരുന്ന് മദ്യപിക്കുന്നതായും പരാതി ഉണ്ടായ സാഹചര്യത്തിലാണ് ജില്ലാപൊലീസ് മേധാവിയുടെ സര്‍ക്കുലർ

പത്തനംതിട്ട: പൊലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ച് ജോലിക്ക് എത്തിയാല്‍ പിടിവീഴും. പൊലീസ് സ്റ്റേഷനുകളിലെ മദ്യപാനത്തിനെതിരെ കര്‍ശന നടപടിയുമായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. ഡിവൈഎസ്പി, സ്റ്റേഷന്‍ ഓഫീസര്‍ എന്നിവര്‍ക്ക്  എസ്പി പ്രത്യേക സര്‍ക്കുലര്‍ നല്‍കി.

രാത്രി കാലങ്ങളില്‍ പൊലീസ് സ്റ്റേഷനുകളില്‍ വിളിച്ചാല്‍ ഉദ്യോഗസ്ഥർ മദ്യപിച്ച നിലയിലാണ് സംസാരിക്കുന്നതെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. മലയോര മേഖലകള്‍ കേന്ദ്രീകരിച്ചുള്ള സ്റ്റേഷനുകളില്‍ ഉദ്യോഗസ്ഥര്‍ കൂട്ടമായി ഇരുന്ന് മദ്യപിക്കുന്നതായും പരാതി ഉണ്ടായ സാഹചര്യത്തിലാണ് ജില്ലാപൊലീസ് മേധാവിയുടെ സര്‍ക്കുലർ. പൊലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ച് മോശമായി പെരുമാറുന്നുവെന്ന് ഭരണകക്ഷികളുടെ ഭാഗത്ത് നിന്നും പരാതിയുണ്ട്. 

മദ്യപിച്ച് ജോലിക്ക് ഹാജരാകുന്ന ഉദ്യോഗസ്ഥരെ കൈയ്യോടെ പിടികൂടാനാണ് എസ്പിയുടെ സർക്കുലറിലെ നിർദ്ദേശം. ജിഡി ചാര്‍ജുള്ള ഉദ്യോഗസ്ഥര്‍ പോലും മദ്യപിച്ച് ജോലിചെയ്യുന്നുവെന്ന് പരാതി ലഭിച്ചതായി എസ്പിയുടെ സര്‍ക്കുലറില്‍ പറയുന്നു. . മദ്യപിച്ച് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ കുറിച്ച് വിവരം ലഭിച്ചാല്‍ അവരെ ഉടന്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി തുടര്‍നടപടി എടുക്കണമെന്ന് ഡിവൈഎസ്പി മാര്‍ക്കും സ്റ്റേഷന്‍ ചാര്‍ജുള്ള ഓഫിസര്‍മാര്‍ക്കും നല്‍കിയിട്ടുള്ള നിര്‍ദ്ദേശം . മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാത്രികാലങ്ങളില്‍ സ്റ്റേഷനുകളില്‍ പരിശോധന നടത്താനും സര്‍ക്കുലറിലൂടെ എസ് പി നിശാന്തിനി ഐപിഎസ് ആവശ്യപ്പെട്ടിടുണ്ട്. 

click me!