
പത്തനംതിട്ട: പത്തനംതിട്ടയിലെ വ്യാജ പോക്സോ പരാതിക്ക് പിന്നിൽ 13 കാരിയുടെ പ്രണയനൈരാശ്യമെന്ന് പൊലീസ്. 10 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന മൊഴിയെ തുടർന്നായിരുന്നു സഹാപാഠികളെ ഉൾപ്പെടെ പ്രതിയാക്കിയത്. അതിനിടെ, ഹൃദ്രോഗിയായ യുവാവിനെ ചോദ്യംചെയ്യാനായി വിളിപ്പിച്ച് പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. വൈദ്യപരിശോധന ഫലമാണ് നിർണ്ണായകമായത്. പീഡനത്തിന്‍റെ ഒരു തെളിവും കിട്ടിയില്ല. ഇതോടെ പൊലീസ് വെട്ടിലായി. കേസിൽ പ്രതിചേർത്തവരിൽ ചോദ്യംചെയ്യാനായി വിളിപ്പിച്ച ആറു പേരെയും ഉടനടി വിട്ടയച്ചു. പൊലീസ് വീണ്ടും മൊഴിയെടുത്തതോടെ കെട്ടുകഥ പൊളിഞ്ഞു. ആരും പീഡിപ്പിച്ചിട്ടില്ലെന്ന് മജിസ്ട്രേറ്റിനു മുന്നിലും പെൺകുട്ടി മൊഴി നൽകി.
കേസിൽ പ്രതിയാക്കിയവരിൽ 13 കാരിയുടെ സഹപാഠിയായ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. ആ പെൺകുട്ടി ഉൾപ്പെടെ എല്ലാവരെയും കേസിൽ നിന്ന് ഒഴിവാക്കാനുള്ള നടപടിയിലേക്കാണ് ഇനി പൊലീസ് പോകുക. എന്നാൽ പ്രണയനൈരാശ്യം കൊണ്ടു മാത്രം ഇത്ര ഭീകരമായ ഒരു കളവ് പറയുമോ എന്ന സംശയം ബാക്കിയാണ്. അത്തരം ദുരൂഹത കൂടി നീക്കിയ ശേഷമാകും കോടതിയിൽ കേസ് തള്ളാനുള്ള റിപ്പോർട്ട് നൽകുക. അതിനിടെ, പൊലീസിനെതിരെ ഗൗരവമേറിയ മറ്റൊരു പരാതി കൂടി വന്നു. നിരപരാധിയായിട്ടും ഈ കേസിന്‍റെ പേരിൽ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചെന്നാണ് 20 കാരൻ പറയുന്നത്. ആദ്യം സഹോദരനെ ആളുമാറി കൊണ്ടുപോയി, പിന്നീട് തന്നെ കൊണ്ടുപോയി കൂടൽ പൊലീസ് മർദ്ദിച്ചു എന്നാണ് ആരോപണം.
അതേസമയം, കസ്റ്റഡി മർദ്ദനമെന്ന പരാതി പൊലീസ് പൂർണ്ണമായി തള്ളി. പെൺകുട്ടി നൽകിയ മൊഴി പ്രകാരം വിവരം തേടൽ മാത്രമാണ് നടന്നതെന്നാണ് വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam