
പത്തനംതിട്ട: സ്കൂളിന്‍റെ അച്ചടക്കത്തിന് വിരുദ്ധമായാണ് കുട്ടി മുടി വെട്ടിയത് എന്ന് പ്രിൻസിപ്പാള്‍ ഫാ. ഡോ. ശാന്തൻ ചരുവിൽ പറഞ്ഞു. മുടി നീളം കുറച്ച് വെട്ടണം എന്നതായിരുന്നു നിർദ്ദേശമെന്നും നടപടികളിൽ പിഴവുണ്ടായിട്ടുണ്ടെങ്കിൽ പരിഹരിച്ചു മുന്നോട്ടു പോകുമെന്നും പ്രിൻസിപ്പൽ മാധ്യമങ്ങളോട് പറഞ്ഞു. സ്പോര്‍ട്സിന്‍റെ അധ്യാപകരാണ് ഇതുസംബന്ധിച്ച് പരിശോധന നടത്തുന്നത്.
നിര്‍ദേശം പാലിക്കാതെ സ്കൂളിലെത്തുന്ന കുട്ടികളെ ഓഫീസിലേക്ക് കൊണ്ടുവരും. വിവരം രക്ഷിതാക്കളെ അറിയിക്കും. ഇതൊരു അണ്‍ എയ്ഡഡ് സ്കൂളാണ്. അതിനാൽ തന്നെ സ്കൂളിന്‍റെ അച്ചടക്കത്തിന്‍റെ ഭാഗമായാണ് ഈ നിയന്ത്രണമെന്നും ഫ. ഡോ. ശാന്തൻ ചരുവിൽ പറഞ്ഞു. അതേസമയം പ്രശ്നം പരിഹരിച്ചുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. തെറ്റ് ആവര്‍ത്തിക്കില്ലെന്ന് സ്കൂള്‍ അധികൃതര്‍ ഉറപ്പ് നൽകിയെന്നും പിതാവ് പറഞ്ഞു.
മുടി വെട്ടിയത് ശരിയായില്ലെന്ന പേരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകർ ക്ലാസിന് പുറത്ത് നിർത്തിയെന്ന് ചൂണ്ടികാണിച്ച് പിതാവ് മനുഷ്യാവകാശ കമ്മീഷനും ശിശു ക്ഷേമ സമിതിക്കും കുട്ടിയുടെ പിതാവ് പരാതി നൽകിയിരുന്നു. പത്തനംതിട്ട അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലാണ് സംഭവം.
മകനെ സ്കൂളിൽ വിട്ട ശേഷമാണ് അച്ഛൻ ജോലിക്കായി പോയത്.
എന്നാൽ, സ്കൂളിൽ നിന്ന് മടങ്ങും മുൻപ് മകനെ അധ്യാപകർ വിളിച്ചുനിർത്തി സംസാരിക്കുന്നത് അച്ഛൻ ശ്രദ്ധിച്ചിരുന്നു. ജോലിക്കായി പോയ പിതാവിനെ സ്കൂൾ അധികൃതർ വിളിച്ചുവരുത്തി. തിരക്കാണെന്ന് പറഞ്ഞ അച്ഛനോട് ഉടൻ വന്നില്ലെങ്കിൽ മകൻ സ്കൂൾ വിടും വരെ ക്ലാസിന് പുറത്തുനിൽക്കുമെന്നായിരുന്നു അധികൃതരുടെ മറുപടി. ഇതോടെ പിതാവ് സ്കൂളിലെത്തി. അവിടെവച്ച് അധ്യാപകർ കുട്ടിയുടെ മുടിയെ കുറിച്ച് സംസാരിച്ചു. നാളെ മുടിവെട്ടാമെന്ന് സമ്മതിച്ചാണ് താൻ സ്കൂളിൽ നിന്ന് മടങ്ങിയതെന്ന് പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഉച്ചയ്ക്ക് സ്കൂൾ വിട്ടപ്പോൾ മകനെ കൂട്ടാനായി പിതാവ് വീണ്ടും ഇവിടേക്ക് എത്തി. ഈ സമയത്താണ് മകനെ ഇന്ന് ക്ലാസിൽ കയറ്റിയിട്ടില്ലെന്നും രാവിലെ മുതൽ ക്ലാസിന് വെളിയിൽ നിർത്തുകയായിരുന്നുവെന്നും അറിഞ്ഞത്. ഇതോടെ അധ്യാപകർക്കെതിരെ പരാതിയുമായി പിതാവ് മനുഷ്യാവകാശ കമ്മീഷനെയും ശിശുക്ഷേമ സമിതിയെയും സമീപിക്കുകയായിരുന്നു. സ്കൂൾ അധികൃതർ തെറ്റുപറ്റിയെന്ന് സമ്മതിച്ചതോടെയാണ് പരാതി പിൻവലിക്കാൻ പിതാവ് തീരുമാനിക്കുകയായിരുന്നു.